പെട്ടിമുടി വൻദുരന്തം: മരണസംഖ്യ 11 ആയി; 14 പേരെ രക്ഷപ്പെടുത്തി, 58 പേർ മണ്ണിനടിയിൽ

മൂന്നാർ രാജമല പെട്ടിമുടിയിൽ തൊഴിലാളികളുടെ ലയങ്ങൾക്ക് മേലെ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ച പതിനൊന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മണ്ണിനടിയിൽ ഇനിയും 58 പേർ കുടുങ്ങിക്കിടക്കുന്നതായാണ് ദേവികുളം സബ്കലക്ടർ പ്രേം കുമാർ അറിയിച്ചത്. 14 പേരെ ഇതിനോടകം രക്ഷപ്പെടുത്തി

വെള്ളിയാഴ്ച പുലർച്ചെയോടെയാണ് രാജമലയിൽ ഉരുൾപൊട്ടിയത്. തുടർന്ന് പെട്ടിമുടി തോട്ടം മേഖലയിൽ മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു. നേരം വെളുത്തതിന് ശേഷമാണ് അപകടവിവരം പുറംലോകം അറിയുന്നത്. ഒറ്റപ്പെട്ട മേഖലയായതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്താനും ഏറെ ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വന്നു.

മരിച്ചവരിൽ അഞ്ച് പേർ പുരുഷൻമാരാണ്. രണ്ട് കുട്ടികളും മരിച്ചിട്ടുണ്ട്. മണ്ണിനടിയിൽപ്പെട്ടവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.