ബംഗ്ലാദേശില്‍ യാത്രാബോട്ട് മുങ്ങി 17 മരണം; 30 പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി

ധക്ക: വടക്കന്‍ ബംഗ്ലാദേശില്‍ യാത്രാബോട്ട് മുങ്ങി 17 പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. നേത്രകോണാ ജില്ലയില്‍ മദന്‍ ഉപാസിലയിലാണ് അപകടം നടന്നതെന്ന് ധാക്ക ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. മൈമെന്‍സിങ്ങില്‍നിന്ന് യാത്ര ആരംഭിച്ച മദ്‌റസാ വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 48 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 30 പേരെ രക്ഷപ്പെടുത്തി. അപകടകാരണം വ്യക്തമായിട്ടില്ല. ഇത്തരം അപകടങ്ങള്‍ ബംഗ്ലാദേശില്‍ സാധാരണമാണ്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതും അശ്രദ്ധമായ ഡ്രൈവിങ്ങും പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കാറുണ്ട്. ബോട്ടിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിക്കൊണ്ടുപോവുന്നതാണ് മിക്ക അപകടങ്ങളിലും സംഭവിക്കാറുള്ളത്. ജൂണ്‍ മാസത്തില്‍ തലസ്ഥാനമായ ധക്കയ്ക്കടുത്തുള്ള ബംഗ്ലാദേശില്‍ യാത്രാബോട്ട് മുങ്ങി 32 പേര്‍ മരിച്ചിരുന്നു.