കിവീസ് ഓപണർമാരെ പിളർത്താനാകാതെ ഇന്ത്യ; രണ്ടാം ദിനം ന്യൂസിലാൻഡ് വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ്

കാൺപൂർ ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ശക്തമായ നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ അവർ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് എന്ന നിലയിലാണ്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 345 റൺസിന് എല്ലാവരും പുറത്തായിരുന്നു.

ന്യൂസിലാൻഡ് ഇപ്പോഴും ഇന്ത്യൻ സ്‌കോറിനേക്കാൾ 216 റൺസ് പിന്നിലാണ്. നാലിന് 258 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. ലഞ്ചിന് പിന്നാലെയുള്ള ഓവറുകളിൽ തന്നെ ഇന്ത്യൻ ഇന്നിംഗ്‌സ് അവസാനമാകുകയും ചെയ്തു. ഇന്ന് ഇന്ത്യൻ ഇന്നിംഗ്‌സിൽ ആറ് വിക്കറ്റുകളാണ് വീണത്.

പിച്ച് ബൗളിംഗിനെ തുണക്കുന്നുവെന്ന സൂചനയുണ്ടായിരുന്നെങ്കിലും ന്യൂസിലാൻഡ് ഓപണർമാർ നിലയുറപ്പിക്കുകയായിരുന്നു. 75 റൺസുമായി വിൽ യംഗും 50 റൺസുമായി ടോം ലാഥവുമാണ് ക്രീസിൽ.