◼️കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാഗാന്ധി തന്നെ തുടരും. പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തവര്‍ ഗാന്ധി കുടുംബത്തില്‍ വിശ്വാസം പ്രഖ്യാപിച്ചു. സ്ഥാനമൊഴിയാന്‍ തയ്യാറെന്ന് സോണിയ യോഗാരംഭത്തില്‍ത്തന്നെ പറഞ്ഞു. എന്നാല്‍ എല്ലാവരും അവരില്‍ വിശ്വാസം പ്രകടിപ്പിക്കുകയാണു ചെയ്തത്. ഏപ്രിലില്‍ ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനിച്ചു. പ്രവര്‍ത്തക സമിതി യോഗം അഞ്ചു മണിക്കൂറാണ് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്.
◼️സംസ്ഥാനത്ത് ഇന്നും കൊടും ചൂടും വരണ്ട കാലാവസ്ഥയും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറു ജില്ലകളില്‍ ജാഗ്രത വേണമെന്നു കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. ഉച്ചയ്ക്കു പുറം ജോലികള്‍ക്കുള്ള വിലക്ക് തുടരുകയാണ്. നാളെ വേനല്‍മഴ കിട്ടിയേക്കും.
◼️സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാസൗജന്യം അവകാശമാണെന്നും ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പരാമര്‍ശം അപക്വമാണെന്നും എസ്എഫ്ഐയും കെഎസ് യുവും. ബസിലെ യാത്രാ സൗജന്യം സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ്. വിദ്യാര്‍ഥികളുടെ ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്ഐയും കെഎസ് യുവും വെവ്വേറെ പ്രസ്താവനകളില്‍ പറഞ്ഞു.
◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറുകളിലേക്ക് രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം. ശശി തരൂര്‍ എംപി, കെ.വി തോമസ് എന്നിവരെയാണ് ക്ഷണിച്ചത്. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാറിലേക്കാണ് തരൂരിനു ക്ഷണം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സെമിനാറിനാണ് കെ.വി തോമസിനെ ക്ഷണിച്ചത്. കണ്ണൂരില്‍ ഏപ്രില്‍ ആറു മുതല്‍ 10 വരെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്.
◼️വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെടിവച്ച പാങ്ങോട് സ്വദേശി വിനീതിന്റെ വീട്ടില്‍ നിന്നു പൊലീസ് എയര്‍ ഗണ്‍ കണ്ടെടുത്തു. പ്രതിയെ ഇന്നലെ കടയ്ക്കല്‍ പോലിസ് അറസ്റ്റു ചെയ്തിരുന്നു. കടയക്കല്‍ തിരുവാതിര ഉത്സവം കഴിഞ്ഞ മടങ്ങിവരികയായരുന്നു റഹിമും സുഹൃത്തായ ഷിനുവും. വര്‍ക്ക് ഷോപ്പ് നടത്തുന്ന വിനീതിന്റെ കടയില്‍ ഷിനു ഒരു കാര്‍ നല്‍കിയിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കത്തിനിടെ പെട്ടെന്ന് അരയില്‍നിന്നു തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.
◼️മറിയപ്പള്ളി പാറമടക്കുളത്തില്‍ മറിഞ്ഞ ലോറിയിലെ ഡ്രൈവര്‍ അജികുമാറിന് ഹൃദയാഘാതം സംഭവിച്ചതുകൊണ്ടാകാം ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞതെന്ന് നിഗമനം. ശ്വാസകോശത്തില്‍ ചളി കയറിയാണ് അജികുമാര്‍ മരിച്ചതെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
◼️സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ചെങ്ങന്നൂരില്‍ നടന്ന പ്രതിഷേധത്തിനിടെ വൈദികനെതിരേ പൊലീസ് നടപടി. ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിലെ വൈദികനും മുളക്കുഴ സെന്റ് മേരിസ് ഇടവകാംഗവുമായ ഫാ. മാത്യു വര്‍ഗീസിനെയാണ് പൊലീസ് കൈകാര്യം ചെയ്തത്. പുരോഹിതരോടുപോലും കരുണ കാണിക്കാത്ത പിണറായി വിജയന്റെ പൊലീസ് ആത്മപരിശോധന നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു.
◼️ഒരു ഊഞ്ഞാലു കെട്ടിത്തരാന്‍ പറയുമോയെന്നു കുട്ടികള്‍. അതു കേട്ട മന്ത്രി വീണ ജോര്‍ജ് ഉടനേ അധികാരികള്‍ക്കു നിര്‍ദേശം നല്‍കി. ഉടനേ കുട്ടികള്‍ക്ക് ഊഞ്ഞാല്‍ ഒരുക്കി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ആണ്‍കുട്ടികള്‍ക്കുള്ള ബാലസദനത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതായിരുന്നു മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ വരവുകണ്ട് കുട്ടികള്‍ അടക്കമുള്ളവരാണു മന്ത്രിയെ സ്വീകരിച്ചത്. മന്ത്രി ഹോം പരിസരവും സൗകര്യങ്ങളും അടുക്കളയിലുള്ള ഭക്ഷണവുമെല്ലാം പരിശോധിച്ചു. അതിനിടയിലാണ് ചില കുട്ടികള്‍ ഊഞ്ഞാല്‍ കെട്ടിത്തരുമോയെന്നു മന്ത്രിയോട് ആവശ്യപ്പെട്ടത്.
◼️തിരുവനന്തപുരം മഠവൂര്‍പാറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് 38 അടി താഴ്ചയില്‍ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. സന്തോഷ് എന്ന തൊഴിലാളിയെ ഫയര്‍ ഫോഴ്സ് എത്തിയാണു രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴും മണ്ണിടിയുന്നുണ്ടായിരുന്നു.
◼️ഒമാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് അമ്മ പ്രേമ. കേസില്‍ ഇനിയും അപ്പീലിന് സാധ്യതയുണ്ട്. സര്‍ക്കാര്‍ സഹായം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
◼️യുക്രെയിന്‍-റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അതിര്‍ത്തികളിലെയും സമുദ്ര, വ്യോമ മേഖലകളിലെയും ഇന്ത്യയുടെ സുരക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്തി. ഇന്ത്യന്‍ പൗരന്മാരെ യുക്രെയിനില്‍നിന്ന് ഒഴിപ്പിക്കാനുള്ള ഓപ്പറേഷന്‍ ഗംഗയുടെ വിശദാംശങ്ങളും ചര്‍ച്ചയായി.
◼️കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിമ്മൂന്നു വയസുള്ള ബാലന്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വലിയമല സ്വദേശി സിന്ധുവിന്റെ മകന്‍ സൂരജാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
◼️മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്കു കോവിഡ്. രണ്ടാം തവണയാണ് രോഗബാധിതനാകുന്നത്.
◼️രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആരംഭിക്കുന്നതിനുമുമ്പാണ് അദ്ദേഹം നിലപാട് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. അശോക് ഗെഹ്ലോട്ടിനെ എഐസിസി പ്രസിഡന്റാക്കാനുള്ള നീക്കങ്ങള്‍ എഐസിസി നേതാക്കള്‍ക്കിടയില്‍ പുരോഗമിക്കവേയാണ് അദ്ദേഹം ഇങ്ങനെ നിലപാടെടുത്തത്.
◼️ഗാന്ധി കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ഖാ ലാംബയുടെ നേതൃത്വത്തില്‍ എഐസിസി ആസ്ഥാനത്തിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോണ്‍ഗ്രസിനായി രക്തസാക്ഷികളായവരാണ് ഗാന്ധി കുടുംബമെന്ന് അല്‍ഖാ ലാംബ പറഞ്ഞു.
◼️വിമര്‍ശനങ്ങള്‍ പോസിറ്റീവായി കാണുന്നുവെന്നും തനിക്കെതിരേ എന്തു നടപടിയും സ്വീകരിക്കാമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ പ്രവര്‍ത്തകര്‍ക്കു വിഷമമുണ്ടാകും. കോണ്‍ഗ്രസ് നന്നായി കാണാന്‍ ആഗ്രഹിക്കുന്നവരുടെ വിമര്‍ശനം നല്ല ചിന്തയായിട്ടാണു കാണുന്നത്. തനിക്കെതിരേ പോസ്റ്റര്‍ പതിച്ചതില്‍ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
◼️ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വര്‍ഗീയ പ്രചാരണം നടത്തിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തിയ പ്രചാരണത്തിലൂടെയാണ് യുപിയില്‍ ബിജെപി ഭൂരിപക്ഷം നേടിയത്. ജനാധിത്യപത്യ മതേതര പാര്‍ട്ടികള്‍ ഒന്നിക്കേണ്ട സമയമാണിത്. കോണ്‍ഗ്രസ് സ്വയം വിലയിരുത്തണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
◼️ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. അഞ്ചുവര്‍ഷം ജനങ്ങള്‍ക്കായി യോഗി അക്ഷീണം അധ്വാനിച്ചെന്നും അടുത്ത അഞ്ചുവര്‍ഷവും വികസനത്തിനായി യോഗി പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായും യോഗിചര്‍ച്ച നടത്തി.
◼️ഗോവയിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ബിജെപിയിലെ തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷകരായ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ബി.എല്‍ സന്തോഷും ഇന്നു ഗോവയിലെത്തും. മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടരാനാണു സാധ്യത. വിശ്വജിത്ത് റാണെയുടെ പേരും പരിഗണനയിലുണ്ട്. സമവായം ഉണ്ടാക്കാനാണ് നേതാക്കള്‍ എത്തുന്നത്.
◼️പഞ്ചാബില്‍ ബുധനാഴ്ച മുഖ്യമന്ത്രി ഭഗവന്ത് മന്‍ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. മൂന്നു വനിതകള്‍ അടക്കം പത്തു മന്ത്രിമാരെ തീരുമാനിച്ചു.
◼️കൊല്‍ക്കത്ത അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടിച്ചതിനു നടി അറസ്റ്റില്‍. ബംഗാളി ടെലിവിഷന്‍ നടിയായ രൂപ ദത്തയാണ് അറസ്റ്റിലായത്. ബാഗ് വലിച്ചെറിഞ്ഞത് ചില പോലീസുകാര്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പിടികൂടി ചോദ്യം ചെയ്തത്. രൂപ ദത്തയുടെ ബാഗില്‍നിന്ന് 75,000 രൂപ കണ്ടെടുക്കുകയും ചെയ്തു.
◼️നോര്‍ത്ത് ഡല്‍ഹിയിലെ സിവില്‍ ലൈന്‍ മേഖലയില്‍ ഒരു കോടി പത്തു ലക്ഷം രൂപ കൊള്ളയടിച്ച അഞ്ചു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാപ്പകല്‍ ഒരു ബിസിനസുകാരന്റെ ജോലിക്കാരെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി തോക്കു ചൂണ്ടി കവര്‍ച്ച നടത്തുകയായിരുന്നു. കൊള്ളയടിച്ച പണത്തില്‍നിന്ന് ഒരു ലക്ഷം രൂപ ക്ഷേത്രത്തിലേക്കു സംഭാവന നല്‍കുകയും ചെയ്തു. ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനു സമീപം പുതുതായി സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
◼️സ്‌കൂളിലെ തൂപ്പുജോലി തുടരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ചരണ്‍ ജിത് സിംഗ് ഛന്നിയെ തോല്‍പിച്ച ആംആദ്മി പാര്‍ട്ടിയുടെ ലാഭ് സിങ് ഉകുകേയുടെ അമ്മ. ഛന്നിയെ ബദൗര്‍ മണ്ഡലത്തില്‍ 37,550 വോട്ടുകള്‍ക്കാണ് ഉകുകേ തോല്‍പിച്ചത്. അമ്മ ബല്‍ദേവ് കൗര്‍ ഇപ്പോഴും സര്‍ക്കാര്‍ വിദ്യാലയത്തില്‍ തൂപ്പുകാരിയുടെ ജോലി ചെയ്യുന്നു. ‘മകന്‍ എംഎല്‍എ ആയാലും ജോലി തുടരു’മെന്ന് അവര്‍ പറഞ്ഞു.
◼️വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ മേരി ജോസഫിനെ തെരഞ്ഞെടുത്തു. തൃശൂര്‍ മാള സ്വദേശിനിയാണ്. കൊല്‍ക്കത്തയിലെ മദര്‍ ഹൗസിലായിരുന്നു തെരഞ്ഞെടുപ്പ്. 13 വര്‍ഷമായി ജര്‍മന്‍കാരിയായ സിസ്റ്റര്‍ പ്രേമ എന്ന പിയറിക് ആയിരുന്നു സുപ്പീരിയര്‍ ജനറല്‍.
◼️അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.9 ശതമാനമായിരിക്കുമെന്ന് മോര്‍ഗന്‍ ആന്‍ഡ് സ്റ്റാന്‍ലി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഇന്ധന വില ഉയരുന്നത് ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗം കുറയ്ക്കുമെന്നാണ് വ്യക്തമാക്കുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
◼️പടിഞ്ഞാറന്‍ യുക്രെയിനില്‍ പോളണ്ട് അതിര്‍ത്തിയിലുള്ള സൈനിക പരിശീലന കേന്ദ്രത്തില്‍ റഷ്യയുടെ മിസൈല്‍ ആക്രണം. 35 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്കു പരിക്കേറ്റു. മുപ്പതിലേറെ മിസൈലുകള്‍ സൈനിക കേന്ദ്രത്തിലേക്കു റഷ്യ തൊടുത്തുവിട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേസമയം, റഷ്യന്‍ സേന യുക്രെയിന്റെ തലസ്ഥാനമായ കീവ് വളഞ്ഞു. കീവ് നഗരത്തിന്റെ വടക്ക്, പടിഞ്ഞാറ്, കിഴക്ക് മേഖലകളില്‍ റഷ്യന്‍ പട്ടാളത്തിന്റെ മുന്നേറ്റമാണ്.
◼️യുക്രെയിനില്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ന്യൂയോര്‍ക്ക് സ്വദേശി ബ്രെന്റ് റിനൗഡ് എന്ന അമ്പതു വയസുകാരനാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിനുനേരെ റഷ്യന്‍ സൈന്യം വെടിവച്ചെന്നു യുക്രെയിന്‍ ആരോപിച്ചു. കാറിലുണ്ടായിരുന്ന മറ്റു രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കു പരിക്കുണ്ട്. റഷ്യ- യുക്രെയിന്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ആദ്യ മാധ്യമപ്രവര്‍ത്തകനാണ് ഇദ്ദേഹം.
◼️യുക്രെയിനിലെ യുദ്ധം നിര്‍ത്തണമെന്ന് റഷ്യയോട് ഫ്രാന്‍സിസ് മാര്‍പാപ്പ. ദുരിതം അനുഭവിക്കുന്നവരുടെ നിലവിളി കേള്‍ക്കുക. ദൈവത്തെ ഓര്‍ത്ത് ഈ കൂട്ടക്കുരുതി നിര്‍ത്തണം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ചത്തെ ബലിയര്‍പ്പണത്തിനിടെ സന്ദേശം നല്‍കവേ അദ്ദേഹം ആവശ്യപ്പെട്ടു.
◼️ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു. കഴിഞ്ഞ ദിവസം 3400 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. രണ്ടു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലെ നഗരങ്ങളില്‍ ചൈന വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായ് പ്രവിശ്യയിലെ സ്‌കൂളുകള്‍ അടച്ചു പൂട്ടി.
◼️ഒമാനില്‍ കൂടുതല്‍ ഭക്ഷ്യ ഉത്പന്നങ്ങളെ മൂല്യവര്‍ദ്ധിത നികുതിയില്‍നിന്ന് ഒഴിവാക്കി. ബാര്‍ലി, ചോളം, ഗോതമ്പ്, സോയാബീന്‍, പക്ഷികള്‍ക്കും കോഴികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള തീറ്റകള്‍ എന്നിവയാണ് നികുതി ഇല്ലാത്ത ഉത്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
◼️ഒമാനില്‍ പ്രവാസികളെ ജോലിക്കു നിയമിക്കാനുള്ള ഫീസ് കുറയ്ക്കാന്‍ ഉത്തരവ്. തൊഴില്‍ പെര്‍മിറ്റിനും പുതുക്കാനുമുള്ള ഫീസുകള്‍ കുറയ്ക്കണമെന്നാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നിര്‍ദേശിച്ചിരിക്കുന്നത്.
◼️അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്കു രക്ഷിതാക്കളോടൊപ്പം മക്ക, മദീന ഹറമുകളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്‌കാരത്തിനും ഈ പ്രായമുള്ള കുട്ടികള്‍ക്ക് അനുമതിയില്ല.
◼️ഇന്ത്യക്കെതിരായ ബംഗളൂരു ടെസ്റ്റില്‍ ശ്രീലങ്ക പരാജയ ഭീതിയില്‍. 446 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ലങ്ക ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ ഒന്നിന് 28 എന്ന നിലയിലാണ്. നേരത്തെ ശ്രേയസ് അയ്യരുടേയും റിഷഭ് പന്തിന്റേയും മികവില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഒമ്പതിന് 303 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.
◼️അരങ്ങേറ്റ ഐപിഎല്ലിനുള്ള ജേഴ്‌സി പുറത്തിറക്കി ഗുജറാത്ത് ടൈറ്റന്‍സ്. അഹമ്മദാബാദ് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടത്തിയ ചടങ്ങിലാണ് ജേഴ്‌സി അവതരിപ്പിച്ചത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, കോച്ച് ആശിഷ് നെഹ്‌റ എന്നിവരും ജേഴ്‌സി അവതരിപ്പിക്കുന്ന ചടങ്ങിലുണ്ടായിരുന്നു.
◼️കേരളത്തില്‍ ഇന്നലെ 21,188 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 8,846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,578 കോവിഡ് രോഗികള്‍. നിലവില്‍ 36,467 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനാല് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 6.07 കോടി കോവിഡ് രോഗികളുണ്ട്.
◼️ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക (ഐ.ഐ.പി) ജനുവരിയിലും കാഴ്ചവച്ചത് നിരാശപ്പെടുത്തുന്ന പ്രകടനം. വെറും 1.3 ശതമാനമാണ് ജനുവരിയിലെ വളര്‍ച്ച. ഡിസംബറില്‍ ഇത് 0.7 ശതമാനമായിരുന്നു. ജനുവരിയില്‍ മാനുഫാക്ചറിംഗ് മേഖല 1.1 ശതമാനവും ഖനനം 2.8 ശതമാനവും വൈദ്യുതി 0.9 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. കാപ്പിറ്റല്‍ ഗുഡ്‌സ് 1.4 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 3.3 ശതമാനവും നെഗറ്റീവ് വളര്‍ച്ചയിലേക്ക് കൂപ്പുകുത്തി. കണ്‍സ്യൂമര്‍ നോണ്‍-ഡ്യൂറബിള്‍സ് വിഭാഗം 2.1 ശതമാനം വളര്‍ന്നു. ക്രൂഡോയില്‍ വിലക്കയറ്റം വരുംനാളുകളില്‍ ഐ.ഐ.പിക്ക് കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചയെയും കറന്റ് അക്കൗണ്ട് കമ്മിയെയും ഇത് സാരമായി ബാധിക്കും.
◼️അഡീഷനല്‍ ടിയര്‍ വണ്‍, സീരീസ് ത്രി ബോണ്ടുകള്‍ വഴി കാനറ ബാങ്ക് 1000 കോടി രൂപ സമാഹരിച്ചു. പ്രതിവര്‍ഷം 8.07% പലിശ നല്‍കുന്ന ഈ ബോണ്ടുകള്‍ക്ക് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അടിസ്ഥാന ഇഷ്യൂ ആയി 250 കോടി രൂപയും അധിക ഓപ്ഷനായി 750 കോടി രൂപയും സമാഹരിക്കാന്‍ ലക്ഷ്യമിട്ട ബോണ്ടുകള്‍ക്ക് 3133 കോടി രൂപയിലേറെ വരുന്ന അപേക്ഷകള്‍ ലഭിച്ചു.
◼️ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന അനൂപ് മേനോന്‍ നായകനാകുന്ന 21 ഗ്രാംസ് എന്ന ത്രില്ലര്‍ ചിത്രം മാര്‍ച്ച് 18ന് ആണ് റിലീസ്. ബിബിന്‍ കൃഷ്ണ തന്നെയാണ് 21 ഗ്രാംസിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ അനൂപ് മേനോനെ കൂടാതെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ലിയോണ ലിഷോയ്, അനു മോഹന്‍, രണ്‍ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകക്കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും അനൂപ് മേനോന്‍ എത്തുക.
◼️18ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമായ ‘ലളിതം സുന്ദര’ത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ബിജിപാലിന്റെ സംഗീത സംവിധാനത്തില്‍ നജീം അര്‍ഷാദ് ആണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്യാനിരിക്കുന്ന ലളിതം സുന്ദര’ത്തിലെ ഗാനം പാടിയിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.വിനീത് ശ്രീനിവാസന്‍ ചിത്രത്തിനായി പാടിയിരിക്കുന്ന ‘പോയ കാലം’ എന്ന് തുടങ്ങുന്ന ഗാനമാണ് പങ്കുവെച്ചിരിക്കുന്നത്. ‘ലളിതം സുന്ദരം’ സിനിമ സംവിധാനം ചെയ്യുന്നത് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരാണ്.
◼️ഡ്യുക്കാട്ടി ലിമിറ്റഡ് എഡിഷന്‍ പാനിഗേല്‍ വി2 മാര്‍ച്ച് 16 ന് ഇന്ത്യയില്‍ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളിന്റെ ടീസറുകള്‍ കമ്പനി പുറത്തിറക്കി. ഇപ്പോള്‍, സ്റ്റാന്‍ഡേര്‍ഡ് പനിഗാലെ വി2 ന്റെ എക്സ്-ഷോറൂം വില 17.49 ലക്ഷം രൂപയാണ്. കൂടാതെ എല്ലാ ഫീച്ചറുകളും ലിവറിയും പരിമിതമായ ലഭ്യതയും ഉള്ളതിനാല്‍, സ്പെഷ്യല്‍ എഡിഷന്‍ മോഡലിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ പ്രീമിയം ചിലവാകും.
◼️ബൗദ്ധചിന്തയുടെ സൂക്ഷ്മ വിതാനങ്ങളും സഞ്ചരിക്കാനുള്ള പ്രയത്നമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ബുദ്ധന്‍ എന്നു വിളിക്കപ്പെട്ട ശ്രമണാഗൗതമന്‍ ശാക്യ ഭഗവാന്‍ എന്നിവരെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമായും ഇതിലുള്ളത്. ‘തഥാഗതന്‍ – ഗൗതമബുദ്ധന്റെ വഴികള്‍’. കെ എന്‍ ഗണേഷ്. കേരള സാഹിത്യ അക്കാദമി. വില 1125 രൂപ.
◼️കൊവിഡില്‍ മാത്രമല്ല, ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നത്. പല അസുഖങ്ങളുടെയും ആരോഗ്യാവസ്ഥകളുടെയും ഭാഗമായി ഇത് സംഭവിക്കാം. ‘നേസല്‍ പോളിപ്‌സ്’ അഥവാ മൂക്കിനകത്ത് ഉണ്ടാകുന്ന ചെറിയ വളര്‍ച്ച മൂലം ഇങ്ങനെ ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. മൂക്കിനകത്ത് വളര്‍ച്ചയുണ്ടായി അത് തടസം സൃഷ്ടിക്കുന്നതോടെയാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. ഇതിനൊപ്പം തന്നെ ശ്വാസതടസം, അസ്വസ്ഥത, തലവേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും അനുഭവപ്പെടാം. വിവധ തരത്തിലുള്ള അലര്‍ജികളുടെ ഭാഗമയും ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. സാധാരണ ജലദോഷം പിടിപെടുമ്പോഴും ചിലരില്‍ ഗന്ധം നഷ്ടമാകാറുണ്ട്. സൈനസ് പോലുള്ള പ്രശ്‌നങ്ങളുടെ ഭാഗമായും ഗന്ധം നഷ്ടപ്പെടാം. പ്രായമാകുമ്പോള്‍ അതിന്റെ ഭാഗമായി ചിലരില്‍ ക്രമേണ ഗന്ധം നഷ്ടമാകുന്ന അവസ്ഥയുണ്ടാകാറുണ്ട്. പ്രായമാകുമ്പോള്‍ മൂക്കിനകത്ത് ഗന്ധം പിടിച്ചെടുക്കാന്‍ സഹായിക്കുന്ന ‘റിസപ്‌റ്റേഴ്‌സ്’ഉം അതുപോലെ ഇത് തലച്ചോറിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന നാഡികളും നശിച്ചുതുടങ്ങുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. തലയ്ക്ക് സംഭവിക്കുന്ന ചില പരുക്കുകളുടെ ഭാഗമായും ഗന്ധം നഷ്ടമാകുന്ന അവസ്ഥയുണ്ടാകാം. ഗന്ധത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ക്ക് പരുക്ക് സംഭവിക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. ചില മരുന്നുകള്‍ പതിവായി കഴിക്കുന്നതും ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നമ്മെ നയിക്കാം.
➖➖➖➖➖➖➖➖