അതിർത്തികൾക്കപ്പുറം: പാക് നായികയുടെ കുഞ്ഞിനെ താലോലിച്ച് ഇന്ത്യൻ താരങ്ങൾ

 

കളിയിലെ വീറും വാശിയുമൊക്കെ മൈതാനത്ത് മാത്രം. അതിന് ശേഷം അതിർത്തികളെയൊക്കെ ഭേദിക്കുന്ന സ്‌നേഹമാണ് സ്‌പോർട്‌സ്. ന്യൂസിലാൻഡിൽ നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ ഇത്തരമൊരു നിമിഷം പിറന്നു. ഇന്ത്യ-പാക് മത്സരശേഷമായിരുന്നു ഈയൊരു സുന്ദര മുഹൂർത്തം. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫിന്റെ ആറ് മാസം പ്രായമുള്ള മകൾ ഫാത്തിമയെ ഇന്ത്യൻ താരങ്ങൾ ലാളിക്കുന്ന ദൃശ്യമായിരുന്നുവത്

എത്ര സുന്ദരമായ നിമിഷം എന്നാണ് ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തത്. ക്രിക്കറ്റ് കളത്തിൽ ബൗണ്ടറികളുണ്ട്. എന്നാൽ കളത്തിന് പുറത്ത് എല്ലാ അതിരുകളെയും അത് ഭേദിക്കുന്നു, സ്‌പോർട്‌സ് എല്ലാവരെയും ഒന്നിപ്പിക്കുന്നുവെന്നും സച്ചിൻ ട്വീറ്റ് ചെയ്തു

മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ 108 റൺസിന് തകർത്തിരുന്നു. മത്സരത്തിന്റെ ചൂടാറും മുമ്പാണ് ഇന്ത്യൻ താരങ്ങൾ പാക് ക്യാപ്റ്റന്റെ കുഞ്ഞു ഫാത്തിമക്കൊപ്പം കൂടിയത്. ഇരു ടീമുകളിലെയും താരങ്ങൾ മൈതാനത്ത് സംസാരിക്കുന്നതിനിടെയാണ് കുഞ്ഞുമായി ബിസ്മ ഗ്രൗണ്ടിലെത്തിയത്. പിന്നെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം കുഞ്ഞുഫാത്തിമയായി