രോഹിതിന് സെഞ്ച്വറി, പൂജാര അർധ സെഞ്ച്വറിക്കരികെ; ലീഡ് 100 കടത്തി ഇന്ത്യ

 

ഓവൽ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ.  ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ സെഞ്ച്വറി സ്വന്തമാക്കി. ചേതേശ്വർ പൂജാര അർധ സെഞ്ച്വറിക്ക് അരികെ നിൽക്കുകയാണ്. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് നിലവിൽ 100 റൺസിന്റെ ലീഡുണ്ട്

204 പന്തിൽ ഒരു സിക്‌സും 12 ഫോറുകളും സഹിതമായിരുന്നു രോഹിതിന്റെ സെഞ്ച്വറി. 94ൽ നിൽക്കെ മൊയിൻ അലിയെ സിക്‌സർ പറത്തിയാണ് രോഹിത് തന്റെ എട്ടാം സെഞ്ച്വറി പൂർത്തിയാക്കിയത്. വിദേശത്തെ ആദ്യ സെഞ്ച്വറി കൂടിയാണിത്.

രോഹിത് 103 റൺസുമായും ചേതേശ്വർ പൂജാര 48 റൺസുമായും ക്രീസിലുണ്ട്. 46 റൺസെടുത്ത കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഇതിന് ശേഷം രണ്ടാം വിക്കറ്റിൽ രോഹിതും പൂജാരയും ചേർന്ന് 116 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.