ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചുകയറുന്നു; നാലാം ദിനം നിർണായകമാകും

 

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഇന്ത്യ മികച്ച നിലയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എന്ന നിലയിലാണ്. നായകൻ വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ

പൂജാര 91 റൺസുമായും കോഹ്ലി 45 റൺസുമായും ക്രീസിൽ തുടരുകയാണ്. 180 പന്തിൽ 15 ഫോറുകൾ സഹിതമാണ് പൂജാരയുടെ ഇന്നിംഗ്‌സ്. 94 പന്തിൽ ആറ് ഫോറുകൾ സഹിതമാണ് കോഹ്ലി 45ൽ എത്തിയത്. 59 റൺസെടുത്ത രോഹിത് ശർമയുടെയും എട്ട് റൺസെടുത്ത രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്

ഇന്ത്യ ഇപ്പോഴും ഇംഗ്ലണ്ടിന്റെ സ്‌കോറിനേക്കാൾ 139 റൺസ് പിന്നിലാണ്. ഇന്നത്തെ ഇന്ത്യയുടെ പ്രകടനമാകും ടെസ്റ്റിൽ നിർണായകമാകുക. 139 റൺസ് കൂടി എടുക്കുന്നതിന് മുമ്പ് ഇന്ത്യയെ ഓൾ ഔട്ടാക്കി ഇന്നിംഗ്‌സ് വിജയമാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ മികച്ച ടോട്ടലിലേക്ക് എത്തിച്ച് സമനിലയെങ്കിലും പിടിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.