അഹമ്മദാബാദ് ടെസ്റ്റിൽ രണ്ടാം ദിനമായ ഇന്ന് വൻ ലീഡ് ലക്ഷ്യമിട്ടാകും ഇന്ത്യ ഇറങ്ങുക. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലായിരുന്നു.
ഇന്നലെ അവസാന ഓവറിൽ കോഹ്ലിയെ നഷ്ടപ്പെട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. 57 റൺസുമായി രോഹിത് ശർമയും ഒരു റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. രോഹിതിന്റെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷയേറെയും.
ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 112 റൺസിന് എല്ലാവരും പുറത്തായിരുന്നു. നിലവിൽ ഇംഗ്ലണ്ട് സ്‌കോറിനേക്കാൾ 13 റൺസ് പിന്നിലാണ് ഇന്ത്യ. ഇന്ന് ആദ്യ രണ്ട് സെഷൻ പ്രതിരോധിക്കാൻ സാധിച്ചാൽ തന്നെ ഇന്ത്യക്ക് നല്ല ലീഡിലേക്ക് എത്താം.
ഗില്ലും രോഹിതും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്‌സ് ആരംഭിച്ചത്. പതിവിനും വിരുദ്ധമായി ഗിൽ കൂടുതൽ പ്രതിരോധത്തിലാഴ്ന്നാണ് കളിച്ചത്. സ്‌കോർ 33ൽ നിൽക്കെ 11 റൺസെടുത്ത ഗിൽ പുറത്തായി. തൊട്ടടുത്ത നിമിഷം പൂജാര പൂജ്യത്തിന് വീണതോടെ ഇന്ത്യയും തകർച്ചയിലേക്കെന്ന് തോന്നിച്ചു.
എന്നാൽ ക്രീസിൽ ഒന്നിച്ച കോഹ്ലിയും രോഹിതും ചേർന്ന് സ്‌കോർ 98 വരെ എത്തിക്കുകയായിരുന്നു. ഒന്നാം ദിനത്തിലെ അവസാന ഓവറിൽ ലീച്ചിന്റെ പന്തിൽ കോഹ്ലി ബൗൾഡാകുകയായിരുന്നു. 27 റൺസാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം.