ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്റി മുറെ, മുന്‍ ഗ്രാന്‍സ്ലാം ജേതാവ് ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച്, ഗ്രിഗോര്‍ ദിമിത്രോവ്, കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റ് ഡാനില്‍ മെദ്വദേവ് എന്നിവര്‍ യു എസ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ജപ്പാന്റെ യൊഷിഷിറ്റോ നിഷിയോക്കയെ അഞ്ച് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ആന്റി മുറോ തോല്‍പ്പിച്ചത്. ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ട മുറെ വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് ഗെയിം തിരിച്ചുപിടിച്ചത്. സ്‌കോര്‍: 4-6, 4-6, 7-6, 7-6, 6-4. അര്‍ജന്റീനയുടെ ഫെഡറികോക്കിനെയാണ് ഡാനില്‍ മെദ്വദേവ് തോല്‍പ്പിച്ചത്. അമേരിക്കന്‍ താരം ഡെന്നിസ് കുഡ്‌ലക്കിനെ 6-3, 7-5, 6-3 സെറ്റുകള്‍ക്ക് മറികടന്നാണ് മാരിന്‍ സിലിച്ച് അടുത്ത റൗണ്ടില്‍ പ്രവേശിച്ചത്. അമേരിക്കന്‍ താരം ടോമി പോളിനെ 6-4, 6-3, 6-1 സ്‌കോറിന് തോല്‍പ്പിച്ചാണ് ദിമിതോവ് രണ്ടാം റൗണ്ടില്‍ എത്തിയത്.
വനിതാ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീനാ വില്ല്യംസ് നാട്ടുകാരി ക്രിസ്റ്റിയെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടില്‍ കടന്നു. രണ്ടാം റൗണ്ട് സോഫിയാ കെനിന്‍ ബെല്‍ജിയത്തിന്റെ യാനിന വിക്‌മേയറെ 6-2, 6-2 സ്‌കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. വിക്ടോറിയാ അസരങ്ക ബാര്‍ബറ ഹാസിനെ 6-1, 6-2 സ്‌കോറിന് തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി.
അതിനിടെ ഇതിഹാസ താരങ്ങളായ വീനസ് വില്ല്യംസും കിം ക്ലിസ്റ്റേഴ്‌സും ആദ്യ റൗണ്ടില്‍ പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് വീനസിനെ പുറത്താക്കിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ക്ലിസ്റ്റേഴ്‌സിനെ അലക്‌സാന്‍ഡോവക്ക്് ആണ് തോല്‍പ്പിച്ചത്.