ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ബാങ്കിങ് സേവനങ്ങൾ നൽകാൻ വാട്‍സാപ്പ്

ന്യൂഡൽഹി: വിവിധ ബാങ്കുകളുമായി ചേര്‍ന്ന് ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ബാങ്കിങ് സേവനങ്ങൾ നൽകാൻ തയ്യാറെടുക്കുകയാണ് വാട്‍സാപ്പ്. ഐസിഐസിഐ ബാങ്ക് , എച്ച്ഡിഎഫ്‍സി ബാങ്ക് തുടങ്ങിയ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കുകളുമായി ചേര്‍ന്നാണ് വാട്‍സാപ്പ് പങ്കാളിത്തത്തിൽ ഏര്‍പ്പെടുന്നത് എന്നാണ് സൂചന. വരുമാനം കുറഞ്ഞവര്‍ക്ക് ഇൻഷുറൻസ് , പെൻഷൻ എന്നിവ ഏര്‍പ്പെടുത്തുന്ന പദ്ധതികൾ തുടങ്ങാനും പ്ലാൻ ഉണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിയ്ക്കുന്നു.

ബാങ്കിങ് സേവനങ്ങൾ ലഘൂകരിയ്ക്കുന്നതിൻെറ ഭാഗമായി കൂടുതൽ ധനകാര്യ സ്ഥാപനങ്ങളുമായി വാട്‍സാപ്പ് പങ്കാളിത്തത്തിൽ ഏര്‍പ്പെട്ടേക്കും. ഓട്ടോമേറ്റഡ് ടെക്സ്റ്റ് മെസേജുകളിലൂടെ ബാങ്കുമായി സംഭാഷണത്തിൽ ഏര്‍പ്പെടാൻ പുതിയ സംവിധാനം ഇടപാടുകാരെ സഹായിക്കും.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി വിവിധ ക്ഷേമ പദ്ധതികൾ അവതരിപ്പിയ്ക്കുന്നതിന് ഒപ്പം മൈക്രോ വായ്പകൾ ഉൾപ്പെടെ വാട്‍സാപ്പിലൂടെ പുതിയതായി അവതരിപ്പിയ്ക്കുകയാണ് ലക്ഷ്യം എന്ന് വാട്‍സാപ്പ് ഇന്ത്യ മേധാവി അഭിജിത്ത് ബോസ് വ്യക്തമാക്കി.
2018- മുതലാണ് വാ‍ട്‍സാപ്പ് പെയ്മെൻറ് സംവിധാനം ഇന്ത്യയിൽ ആരംഭിയ്ക്കുന്നത്. പെയ്മെൻറ് വിപണിയിൽ കൂടുതൽ പിടി മുറുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.