അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കും; സിനിമാ തീയറ്ററുകളും ജൂലൈക്ക് ശേഷം തുറക്കും

ജൂലൈ 31 ന് ശേഷം അണ്‍ ലോക്കിംഗ് പ്രക്രിയ പൂര്‍ണമായി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ സിനിമാ തീയറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കും.

കൊവിഡ് പരിശോധനാ നെഗറ്റീവ് ആയവരെയാകും വിമാനത്താവളത്തിലേക്ക് കടത്തിവിടുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തീയറ്ററിലേക്കും പ്രവേശിപ്പിക്കില്ല. 15നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് അനുമതി. തീയറ്ററിലെ സീറ്റുകള്‍ പ്രത്യേകം ക്രമീകരിക്കണം. നിശ്ചിത അകലവും പാലിക്കണം.

ജൂലൈ 31നുള്ളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ജൂലൈ 15ന് തന്നെ നടപടികളാരംഭിച്ച് 31ന് ശേഷം സര്‍വീസ് ആരംഭിക്കാനാണ് നീക്കം. പരിശോധന നടത്തി 48-72 മണിക്കൂറിനുള്ളിലാണ് യാത്ര ചെയ്യാന്‍ അനുവദിക്കുക. ടെസ്റ്റിനുള്ള സൗകര്യം വിമാനത്താവളത്തിലൊരുക്കും. 500 രൂപയാണ് ചെലവ്. 45 മിനിറ്റിനുള്ളില്‍ ഫലം അറിയാം.