ഒ.ടി.ടിയിലല്ല സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കണം: സജി ചെറിയാൻ

 

ഒ.ടി.ടി റിലീസ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി സജി ചെറിയാന്‍. സിനിമ തിയറ്ററിൽ കാണിക്കേണ്ടതാണെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമിൽ കൊടുത്താൽ ഈ വ്യവസായം തകരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രം ആദ്യം പ്രദർശിപ്പിക്കേണ്ടത് തിയറ്ററിലാണെന്നും തിയറ്റർ ഇല്ലാത്ത സമയത്താണ് ഒ.ടി.ടി യെ ആശ്രയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ തിയറ്റർ തുറന്നപ്പോൾ തിയറ്ററിൽ തന്നെ സിനിമ കാണിക്കണമെന്നാണ് സർക്കാർ നിലപാട്. മോഹന്‍ ലാല്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു

അതേസമയം മരയ്ക്കാര്‍ സിനിമ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ അടിയന്തരയോഗം നാളെ ചേരും.

എക്‌സിക്യൂട്ടീവ് യോഗം ആണ് ചേരുന്നത്. രാവിലെ 10 30 ന് കൊച്ചിയിലാണ് യോഗം. അതേസമയം ഇടവേളക്ക് ശേഷം മലയാള സിനിമ ഇന്ന് തിയറ്ററുകളിലെത്തി. ജോജു ജോർജ് ചിത്രം സ്റ്റാറാണ് ഒരിടവേളക്ക് ശേഷമുള്ള ആദ്യ തിയേറ്റർ ചിത്രം. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് ഉൾപ്പെടെയുള്ള ഒരുപിടി ചിത്രങ്ങളും വരും നാളുകളിൽ തിയറ്ററുകളിൽ എത്തും .

കോവിഡ് ഇടയാക്കിയ പ്രതിസന്ധിക്ക് ശേഷം നല്ലകാലം വരുമെന്ന പ്രതീക്ഷയിൽ മലയാള ചിത്രങ്ങളും ബിഗ് സ്‌ക്രീനിൽ ഇന്നുമുതൽ തെളിയുകയാണ് . ഡോമിന്‍ ഡി സില്‍വ എന്ന സംവിധായകന്റെ സ്റ്റാർ സിനിമയിൽ അതിഥിയായി പൃഥ്‌വി രാജുo എത്തുന്നുണ്ട് . കനൽ സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ഷീലു എബ്രഹാം , ജാഫർ ഇടുക്കി എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ജോയ് മാത്യു , മാമുക്കോയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുലരി ബഷീർ സംവിധാനം ചെയ്ത ക്യാബിൻ എന്ന ചിത്രവും ഇന്ന് തിയറ്ററുകളിൽ എത്തും.

റിലീസിങ് സംബന്ധിച്ച ആശങ്കകള്‍ കഴിഞ്ഞ ദിവസം ചേർന്ന ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹരിക്കപ്പെട്ടതോടെയാണ് മലയാള ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തുന്നത് . സുകുമാരകുറുപ്പിന്റെ കഥപറയുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് നവംബര്‍ 12 ന് തിയറ്ററില്‍ എത്തും . അജഗജാന്തരം, എല്ലാം ശെരിയാകും, ഭീമന്റെ വഴി, കുഞ്ഞെൽദോ തുടങ്ങിയ ചിത്രങ്ങളും ഉടൻ പ്രദർശനത്തിന് എത്തും.