തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച മലയോര ടൂറിസം കേന്ദ്രത്തിനുള്ള പുരസ്‌ക്കാരത്തില്‍ രണ്ടാം സ്ഥാനം മൂന്നാര്‍ കരസ്ഥമാക്കി. ഇന്ത്യ ടുഡെ ടൂറിസം പുരസ്‌ക്കാരത്തിനു വേണ്ടി ദേശ വ്യാപകമായി നടത്തിയ സര്‍വ്വേയില്‍ ആണ് മൂന്നാര്‍ ഇടം നേടിയത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.
കൊവിഡ് അനന്തര ടൂറിസം മേഖലയുടെ ഭാവിയെക്കുറിച്ചായിരുന്നു ഇക്കുറി ഇന്ത്യ ടുഡെ ടൂറിസം കോണ്‍ക്ലേവിലെ ചര്‍ച്ച. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് ദേശ വ്യാപകമായി സര്‍വേ നടത്തിയത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള ടൂറിസം ബ്രാന്‍ഡായ കേരള ടൂറിസം ഇതിനകം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സുസ്ഥിര ടൂറിസം വികസനത്തിന്റെ മാതൃകയാണ് കേരളം മുന്നോട്ടു വയ്ക്കുന്നത്. പുരസ്‌ക്കാരം ലഭിച്ച മൂന്നാര്‍ ഇതിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ടൂറിസത്തിന്റെ പ്രചാരണ പരിപാടിയായ ‘ഹ്യൂമന്‍ ബൈ നേച്ചറി’ന് പ്രസിദ്ധമായ പാറ്റ ഗ്രാന്‍ഡ് പുരസ്‌ക്കാരം ലഭിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ബെയ്ജിംഗില്‍ വച്ച് നടന്ന ഓണ്‍ലൈന്‍ ചടങ്ങിലായിരുന്നു പ്രഖ്യാപനം.