തോമാട്ടുചാൽ: വയനാട്ടിലെ പ്രമുഖ സാമൂഹിക – സാംസ്കാരിക പ്രവർത്തകനായിരുന്ന അയൂബ് കടൽമാട് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു.
കേരള പ്രവാസി സംഘം വയനാട് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ജില്ലയിൽ സംഘടന കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ദീർഘ കാലം പ്രവാസിയായിരുന്ന അദ്ദേഹം അബുദാബി കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം മുൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെയും, പ്രവാസി വായനാടിന്റെയും സജീവ പ്രവർത്തകനായിരുന്നു. കോഴിക്കോട് ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കവിതാ സമാഹാരം “കോടമഞ്ഞ്” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ചായിരുന്നു പ്രസാധനം ചെയ്തത്. സുൽത്താൻ ബത്തേരി ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം, പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങുയവയുടെ ഭാരവാഹിയായിരുന്നു. സിപിഐഎം തോമാട്ടുചാൽ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്.
ഭാര്യ: സുലൈഖ
മക്കൾ: അബ്ദുൾ സമീഹ്, അബ്ദുൽ ഷഹീൻ, അക്സ
സഹോദരി: ജമീല ഉണ്ണീൻ