ആറ്റുകാല്‍ പൊങ്കാല പുരോഗമിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായി ചുരുക്കിയിട്ടുണ്ട്. ഭക്തർ സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കുകയാണ്. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. വൈകിട്ട് 3.40നാണ് പൊങ്കാല നിവേദ്യം. രാത്രി 7.30ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും.
പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതിനെ തുടർന്നാണ് പൊങ്കാല വീടുകളിൽ ഇടുന്നത്. വഴിയില്‍ വിഗ്രഹത്തിന് വരവേല്‍പ്പോ, തട്ടം നിവേദ്യമോ ഉണ്ടാകില്ല. ഞായറാഴ്ച രാത്രി 9.15ന് കാപ്പഴിക്കല്‍ ചടങ്ങ്. പുലര്‍ച്ചെ ഒന്നിന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.
തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പത്തുദിവസം നീണ്ടു നില്‍ക്കുന്നതാണ് പൊങ്കാല മഹോത്സവം. 2009 ല്‍ ഗിന്നസ് റെക്കോര്‍ഡ്സ് പ്രകാരം സ്ത്രീകളുടെ ഏറ്റവും വലിയ ഒത്തുചേരലായി പൊങ്കാല മഹോത്സവം പ്രഖ്യാപിച്ചിട്ടുണ്ട്. വ്രതം നോറ്റ ശേഷമാണ് ഭക്തര്‍ പൊങ്കാല അര്‍പ്പിക്കുന്നത്.