Headlines

ചീഫ് മാര്‍ഷലിനെ പ്രതിപക്ഷത്തെ ആരും മര്‍ദിച്ചിട്ടില്ല, പണ്ട് ഡസ്‌കില്‍ കയറി നൃത്തമാടിയ ആളുകളാണ് ഇതൊക്കെ പറയുന്നത്: സണ്ണി ജോസഫ്

പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ചെന്ന ആരോപണം തെറ്റെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ചീഫ് മാര്‍ഷലിനെ പ്രതിപക്ഷത്തെ ആരും മര്‍ദിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ന്യായമായ പ്രതിഷേധങ്ങള്‍ പോലും അനുവദിക്കാത്ത സ്ഥിതിയാണുള്ളതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. നടുത്തളത്തില്‍ ഇറങ്ങി നിന്നുള്ള പ്രതിഷേധം വരെ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഇറക്കി തടയുകയാണ്. മുഖ്യമന്ത്രി പോലും ഇതിനെയെല്ലാം ന്യായീകരിക്കുകയാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് ഭരണകാലത്തെ ഒരു ബജറ്റ് അവതരണ ദിവസത്തെ ഓര്‍മിപ്പിച്ചുകൊണ്ട് സണ്ണി ജോസഫ് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. മുന്‍പ് വാച്ച് ആന്‍ഡ് വാര്‍ഡിന് നേരെ നടന്ന അതിക്രമത്തിലൊന്നും കേസുമില്ല പരാതിയുമില്ലെന്ന അവസ്ഥയാണ്. പണ്ട് സ്പീക്കറുടെ കസേര മറിച്ചിടുകയും സ്പീക്കറെ തടയുകയും ചെയ്തവരാണ് ഇവര്‍. ഡെസ്‌കില്‍ കയറിനിന്ന് നൃത്തമാടിയ ആളുകളാണ്. വി ശിവന്‍കുട്ടി ഉള്‍പ്പെടെ സഭയിലിരിക്കുമ്പോഴാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രതിപക്ഷത്തിനെതിരെ പ്രതികരിക്കുന്നത് എന്നോര്‍ക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

നിയമസഭയിലെ പ്രതിഷേധത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. റോജി എം ജോണ്‍ എം വില്‍സന്റ്, സനീഷ് കുമാര്‍ ജോസഫ് , എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഉള്ള പ്രമേയം പാര്‍ലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് അവതരിപ്പിക്കുകയും പ്രമേയം പാസാകുകയുമായിരുന്നു. സഭയുടെ നടപ്പ് സമ്മേളനത്തിലാണ് സസ്‌പെന്‍ഷന്‍. ഈ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്.