Headlines

‘എട്ടുമുക്കാല്‍ അട്ടിവച്ചത് പോലെ’ ; പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി

പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി. എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച്, വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തിനാണ് നിശബ്ദജീവികളായ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പുറപ്പെട്ടത്. അവരുടെ കൂട്ടത്തിലുള്ള വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്ന കാഴ്ച കണ്ടല്ലോ. സാധാരണ നിലയ്ക്ക് എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടി വച്ച പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയ തോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ല എന്ന് കാണുന്ന എല്ലാവര്‍ക്കും അറിയാം – മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പുരോഗമനവാദികള്‍ ആണെന്ന് പറയുന്നവരുടെ വായില്‍ നിന്ന് വരുന്നത് ഇത്തരം പരാമര്‍ശങ്ങളാണെന്നാണ് പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം.

എട്ട് മുക്കാല്‍ അട്ടിവച്ചതുപോലെ ഉയരക്കുറവുള്ള ഒരാളാണ് ഈ സമരത്തില്‍ തള്ളിക്കയറിയത്, അയാള്‍ക്ക് ഒരു ആരോഗ്യവും ഇല്ല, അസംബ്ലിയുടെ പ്രിവിലേജ് ഉപയോഗിച്ചാണ് അത് ചെയ്തത് എന്ന്. ഉയരം കുറഞ്ഞ ആളുകളെ കേരളത്തിലെ മുഖ്യമന്ത്രിക്ക് പുച്ഛമാണോ. അവരോട് അദ്ദേഹത്തിനെന്താ ദേഷ്യവും അവജ്ഞയും. ഇത് ബോഡി ഷെയ്മിങ്ങാണ്. പൊളിറ്റിക്കലി ഇന്‍കറക്ടായ ഒരു വാചകമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഞാന്‍ സ്പീക്കര്‍ക്ക് കത്ത് കൊടുക്കുകയാണ്. മുഖ്യമന്ത്രി അത് പിന്‍വലിച്ച് മാപ്പ് പറയണം – പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശബരിമല സ്വര്‍ണ മോഷണ വിവാദത്തില്‍ നിയമസഭ സ്തംഭിപ്പിക്കലായിരുന്നു ഇന്നലെയും മിനിഞ്ഞാന്നും പ്രതിപക്ഷം സ്വീകരിച്ച പ്രതിഷേധ മാര്‍ഗം. എന്നാല്‍ മൂന്നാം ദിവസം എത്തിയപ്പോള്‍ പ്രതിഷേധത്തില്‍ മട്ടു മാറി. ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തിയുള്ള പ്രതിഷേധം ചെറുക്കാന്‍ സ്പീക്കറും കരുതല്‍ എടുത്തിരുന്നു. മുഖം മറയ്ക്കുന്നത് തടയാന്‍ ഡയസിനും അതിന് മുന്നിലുളള ഉദ്യോഗസ്ഥര്‍ക്കും ഇടയിലുള്ള സ്ഥലത്ത് വാച്ച് ആന്‍ഡ് വാര്‍ഡിനെ അണിനിരത്തി. പ്രതിപക്ഷം ഡയസിലേക്ക് ഇരച്ച് കയറുന്നത് തടയാന്‍ വാതിലുകളിലും വാച്ച് ആന്‍ഡ് വാര്‍ഡിനെ വിന്യസിച്ചു.പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തരവേള 40 മിനിറ്റ് മുന്നോട്ട് പോയി. ഇതിനിടെ പ്രതിപക്ഷാംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡ് തീര്‍ത്ത മനുഷ്യ മതില്‍ ഭേദിച്ച് ഡയസിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതോടെ വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളുമായി. വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷം മര്‍ദ്ദിക്കുന്നുവെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷം രംഗത്തുവരികയായിരുന്നു.