🔳വെറും വ്യവസ്ഥിതി മാത്രമല്ല ഇന്ത്യക്ക് ജനാധിപത്യമെന്നും അത് നമ്മുടെ പ്രകൃതത്തിലും ജീവിതത്തിന്റെ അംശവുമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ എല്ലാവരെയും ചേര്‍ത്ത് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ നമുക്ക് പുതിയ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും അനന്യസാധാരണമായ ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടതുണ്ടെന്നും എല്ലാവരുടെയും ശ്രമത്തോടെ മാത്രമേ അത് നമുക്ക് സാധ്യമാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
🔳സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നടി കങ്കണ റണാവത്ത് നടത്തുന്ന പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് നിഖത് അബ്ബാസ്. ‘പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്. ഗാന്ധിയെക്കുറിച്ച് കങ്കണ നടത്തുന്ന പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവയാണ്. ഗാന്ധിയ്ക്ക് രാഷ്ട്ര പിതാവെന്ന വിശേഷണം നല്‍കിയത് ഈ രാജ്യത്തെ ജനതയാണ്. ബിജെപിയെ സജീവമായി നിലനിര്‍ത്തുന്നത് പോലും ഗാന്ധിയുടെ ആശയങ്ങളാണ്. അദ്ദേഹത്തെക്കുറിച്ച് പരിഹാസ്യമായ പരാമര്‍ശങ്ങള്‍ നടത്തി കങ്കണ എന്താകാനാണ് ശ്രമിക്കുന്നത്. കങ്കണ സ്വതന്ത്ര്യ സമരത്തെയും രാജ്യത്തെ ജനങ്ങളുടെ വികാരത്തെയും വേദനിപ്പിക്കുന്നു” നിഖത് അബ്ബാസ് പറഞ്ഞു.
🔳മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വനം മന്ത്രി ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് യോഗം. സിസിഎഫ് മുതല്‍ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് മന്ത്രി വിളിച്ചത്. വനം വകുപ്പ് നിരന്തരമായി ആരോപണങ്ങളില്‍പ്പെടുന്ന സാഹചര്യത്തിലാണ് യോഗം. ഇതിനിടെ ബെന്നിച്ചന്‍ തോമസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ കണ്ടു. വിഷയത്തിലെ ഉദ്യോഗസ്ഥതല വീഴ്ച ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുന്നത്.
🔳ഇടുക്കിയിലെ മലയോര മേഖലയില്‍ ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളില്‍ വെള്ളം കയറി. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കുമളി ടൗണ്‍, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്. ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവല്‍ എത്തിയ സാഹചര്യത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ കല്ലാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടാണെങ്കിലും ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
🔳സംസ്ഥാന കോണ്‍ഗ്രസിലെ പുനഃസംഘടനയില്‍ ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡിനെ ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ ധരിപ്പിച്ചെന്നും താനും നിലപാട് വ്യക്തമാക്കിയെന്നാണ് തിരുവനന്തപുരത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെ ചെന്നിത്തല വിശദീകരിച്ചത്. എന്നാല്‍ താന്‍ എന്തൊക്കെ കാര്യങ്ങളാണ് ഹൈക്കമാന്‍ഡിനോട് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
🔳കിഫ്ബി വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. താന്‍ കിഫ്ബിക്കെതിരെ അല്ലെന്ന് പറഞ്ഞ ചെന്നിത്തല പക്ഷേ അതിലെ അഴിമതിയും കൊള്ളയും വഴിവിട്ട നിയമനങ്ങളും ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സി എ ജി റിപ്പോര്‍ട്ടില്‍ കിഫ്ബിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യണം. മുഖ്യമന്ത്രി എല്ലാം മറച്ച് വയ്ക്കുകയാണെന്നും വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
🔳സില്‍വര്‍ ലൈന്‍ റെയിലിനെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍. ആടിനെ വിറ്റും പണ കുടുക്ക പൊട്ടിച്ചും കാശ് നല്കി അന്യരുടെ വേദനയ്ക്കൊപ്പം ചേര്‍ന്ന് നിന്ന നന്മ മനുഷ്യരെ മറന്നു കൊണ്ടുള്ള വികസനം സില്‍വറായാലും ഗോള്‍ഡായാലും അത് പാളം തെറ്റിയതു തന്നെയാണെന്ന് രൂപേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
🔳ശബരിമല ദര്‍ശനവിവാദത്തില്‍ സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി. കൈകൂപ്പാത്തതും തീര്‍ത്ഥം കുടിക്കാത്തതും തന്റെ രീതിയാണെന്ന് പറഞ്ഞ മന്ത്രി കെ രാധാകൃഷ്ണന്‍ ദൈവത്തിന്റെ പേരില്‍ മോഷ്ടിക്കുന്നവര്‍ മാത്രം ദൈവത്തെ പേടിച്ചാല്‍ മതിയെന്നും പറഞ്ഞു. മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വംമന്ത്രി കൈ കൂപ്പാതിരുന്നതിനും തീര്‍ത്ഥം കുടിക്കാതിരുന്നതിനും എതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
🔳ദേശീയപാത 66 ആറ് വരി പാതയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ 20 റീച്ചുകളില്‍ 16 എണ്ണത്തില്‍ ദേശീയ പാത അതോറിറ്റി കരാര്‍ ഉറപ്പിച്ചു. ബാക്കിയുള്ള നാല് റീച്ചുകളിലും വൈകാതെ കരാര്‍ നല്‍കും. ഭൂമി ഏറ്റെടുക്കലിന്റെ നഷ്ടപരിഹാര വിതരണം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റര്‍ റോഡാണ് ആറ് വരി പാതയാക്കുന്നത്.
🔳മുന്‍ മിസ് കേരള ആന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച കേസില്‍ നിര്‍ണ്ണായകമായ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിന് ഹോട്ടല്‍ ഉടമയടക്കം ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെയും അഞ്ച് ഹോട്ടല്‍ ജീവനക്കാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്‍സിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ആന്‍സിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് ഒരു കേസ് കൂടിയെടുക്കാന്‍ സാധ്യതയുണ്ട്.
🔳ഇന്ധന വിലക്കയറ്റത്തിന് എതിരായ കോണ്‍ഗ്രസ് സമരത്തിലെ നടന്‍ ജോജുവിന്റെ ഇടപെടല്‍ ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജോജുവിന്റെ അന്നത്തെ പെരുമാറ്റം ദുരൂഹമാണെന്നും കാറില്‍ വന്ന് രണ്ടു മിനിറ്റ് കഴിഞ്ഞയുടന്‍ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയായിരുന്നുവെന്നും ഷിയാസ് പറഞ്ഞു. നടന്‍ മറ്റുവല്ല ലഹരിയും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കണമെന്നും അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജുവും പങ്കെടുത്തിരുന്നോ എന്നന്വേഷിക്കേണ്ടതുണ്ടെന്നും ഷിയാസ് പറഞ്ഞു. ഡിജെ പാര്‍ട്ടി സംബന്ധിച്ച അന്വേഷണത്തില്‍ പോലീസ് കാണിക്കുന്ന അലംഭാവം സംശയങ്ങള്‍ ബലപ്പെടുത്തുകയാണെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.
🔳ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ രണ്ടാം പ്രതി ജോസഫിനും ജാമ്യം ലഭിച്ചു. 37,500 രൂപ ബോണ്ട് ആയി കോടതിയില്‍ കെട്ടി വയ്ക്കണം, 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യ0 എന്നീ വ്യവസ്ഥകളിലാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം കിട്ടി.
🔳വൈദ്യുതിനിരക്ക് നിര്‍ണയിക്കാനുള്ള നയത്തിന്റെ കരടില്‍ ഉള്‍പ്പെടുത്തിയ വിവാദനിര്‍ദേശങ്ങള്‍ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് അന്തിമനയത്തില്‍നിന്ന് റെഗുലേറ്ററി കമ്മിഷന്‍ ഒഴിവാക്കി. കെ.എസ്.ഇ.ബി.ക്കും മറ്റു വിതരണ ലൈസന്‍സികള്‍ക്കും വ്യത്യസ്ത വൈദ്യുതിനിരക്ക് നിശ്ചയിക്കാനും കെ.എസ്.ഇ.ബി കേരളത്തിനു പുറത്ത് വൈദ്യുതി വില്‍ക്കുന്നത് നിയന്ത്രിക്കാനുമുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും ഒഴിവാക്കിയത്. കെ.എസ്.ഇ.ബി.യെന്നോ ലൈസന്‍സിയെന്നോ വ്യത്യാസമില്ലാതെ സംസ്ഥാനത്താകെ ഒറ്റനിരക്ക് തുടരും.
🔳മുസ്ലിം വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിവാഹമോചനങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ സാധുതയുണ്ടെന്ന് ബോധ്യമായാല്‍ കൂടുതല്‍ അന്വേഷണമില്ലാതെ വിവാഹമോചനം അനുവദിക്കണമെന്ന് ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്‍ കോടതിക്കു പുറത്തുള്ള തലാഖ്, ഖുല്‍അ, താലഖ് ഇ ത്വാഫിസ്, മുബാറത്ത് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയുള്ള വിവാഹ മോചനക്കേസുകള്‍ പരിഗണിക്കുമ്പോള്‍ കുടുംബക്കോടതികള്‍ വിശദമായ പരിശോധനയിലേക്ക് കടക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.
🔳വിഷപ്പുകയില്‍ നീറിക്കഴിയുന്ന ഡല്‍ഹിക്കാരെ ആകര്‍ഷിക്കാന്‍ പുതിയചിന്തകളുമായി കേരള വിനോദസഞ്ചാര വകുപ്പ്. ശുദ്ധവായു ശ്വസിക്കാന്‍ ഉത്തരേന്ത്യക്കാരായ സഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്കു ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കിയിരിക്കുകയാണു ടൂറിസം വകുപ്പ്. ഡല്‍ഹിയില്‍ പ്രചാരമുള്ള മാധ്യമങ്ങളിലാണു പരസ്യം നല്‍കിയിരിക്കുന്നത്.’എ ചെയ്ഞ്ച് ഓഫ് എയര്‍’ എന്ന ടാഗ് ലൈനിലാണ് പരസ്യം. കോവിഡ് ഒന്നാംതരംഗത്തിനുശേഷം കേരളം സഞ്ചാരികള്‍ക്കായി തുറന്നുവെന്നു പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെയൊരു പരസ്യം തയ്യാറാക്കിയത്.
🔳ചെന്നൈ ഡിവിഷനിലെ പാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 20, 24, 27 ദിവസങ്ങളിലും ഡിസംബര്‍ ഒന്നിനും തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകി പകല്‍ 10-ന് മാത്രമേ പുറപ്പെടുകയുള്ളൂ. ഈ ദിവസങ്ങളില്‍ ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് ബെംഗളൂരുവില്‍ നിന്നും ഒരുമണിക്കൂര്‍ വൈകി രാത്രി 9.10-ന് പുറപ്പെടും.
🔳രാജ്യം മുഴുവന്‍ വിലക്കയറ്റത്തില്‍ വലയുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുകയാണ് തമിഴ്നാട് സര്‍ക്കാര്‍. സ്വകാര്യകമ്പനികള്‍ സിമന്റിന് വില കുത്തനെ കൂട്ടിയതോടെ ഒരു കെട്ടിടം നിര്‍മ്മിക്കാനുള്ള ചെലവ് താങ്ങാനാകാതെ വലഞ്ഞ ജനങ്ങള്‍ക്കായി തമിഴ്നാട് സര്‍ക്കാര്‍ വിലക്കുറച്ച് സിമന്റ് നിര്‍മ്മിക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്നാട് സിമന്റ്സ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന വലിമൈ എന്ന പുതിയ ബ്രാന്റ് പുറത്തിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. വലിമൈയുടെ പ്രീമിയം 50 കിലോഗ്രാമിന് ചാക്കിന് 350 രൂപയാണ് വില. സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയോളം വില വരുമ്പോഴാണ് സര്‍ക്കാരിന്റെ ഈ നീക്കം.
🔳പാക്കിസ്ഥാന്‍ അടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അദാനി പോര്‍ട്ടിന്റെ നടപടിക്കെതിരെ കസ്റ്റംസ്. അദാനി പോര്‍ട്സിന് കീഴിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് ഹെറോയിന്‍ പിടികൂടിയതിന് പിന്നാലെയാണ് തുറമുഖ അതോറിറ്റി സ്വന്തം തീരുമാനപ്രകാരം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ വിലക്കിയത്. ഈ തീരുമാനത്തിനെതിരെയാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്.
🔳കോവിഡ് വ്യാപനംകുറഞ്ഞ പശ്ചാത്തലത്തില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്.
🔳ഡല്‍ഹിയിലെ വായു മലീനികരണം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. വായുമലിനീകരണ തോത് വര്‍ധിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകളും കോളേജുകളും അടച്ചു. പുതിയ ഉത്തരവുണ്ടാവുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് നിര്‍ദേശം. കല്‍ക്കരിയിയില്‍ പ്രവര്‍ത്തിക്കുന്ന 11 പവര്‍ പ്ലാന്റുകളില്‍ ആറെണ്ണം താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്. ഡല്‍ഹിയുടെ 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള താപവൈദ്യുത നിലയങ്ങള്‍ അടയ്ക്കുമെന്ന് നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
🔳ജമ്മു കശ്മീരില്‍ വിവിധയിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ച് സുരക്ഷ സേന. പുല്‍വാമയില്‍ സ്ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. ജമ്മു കശ്മീരിലെ സുരക്ഷ സാഹചര്യങ്ങള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി
🔳ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്ഥാന്‍ പട്ടാളക്കോടതിയുടെ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാം. സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി പട്ടാള നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം അംഗീകരിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. വധശിക്ഷ പുനഃപരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏജന്റായി പ്രവര്‍ത്തിച്ച് ബലൂചിസ്ഥാനില്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജാദവിനെ അറസ്റ്റുചെയ്തത്.
🔳ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അഫ്ഗാനിസ്താന് ഇന്ത്യ കൈമാറുന്ന ഭക്ഷ്യധാന്യങ്ങള്‍ പാക് മണ്ണിലൂടെ എത്തിക്കാന്‍ പാകിസ്താന്റെ അനുമതി. 50,000 ടണ്‍ ഗോതമ്പ് തങ്ങളുടെ പ്രദേശത്തുകൂടി കൈമാറാനാണ് പാകിസ്താന്‍ അനുമതി നല്‍കിയത്. നേരത്തെ ഈ ആവശ്യവുമായി താലിബാന്‍ പ്രതിനിധി സംഘം പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനെ കണ്ടിരുന്നു.
🔳ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തില്‍ വീഴ്ത്താന്‍ കിവീസ് ബൗളര്‍മാര്‍ക്ക് സാധിച്ചു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
🔳കേരളത്തില്‍ ഇന്നലെ 69,334 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 61 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 327 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 36,475 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 324 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6046 പേര്‍ രോഗമുക്തി നേടി. ഇതോടെ 63,752 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസര്‍ഗോഡ് 85.
🔳യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ആഗോളതലത്തില്‍ ഇന്നലെ 5,40,757 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 79,550 പേര്‍ക്കും ഇംഗ്ലണ്ടില്‍ 38,263 പേര്‍ക്കും റഷ്യയില്‍ 36,626 പേര്‍ക്കും തുര്‍ക്കിയില്‍ 23,867 പേര്‍ക്കും ജര്‍മനിയില്‍ 30,483 പേര്‍ക്കും ഫ്രാന്‍സില്‍ 20,294 പേര്‍ക്കും ജര്‍മനിയില്‍ 60,753 പേര്‍ക്കും പോളണ്ടില്‍ 24,239 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 20,760 പേര്‍ക്കും ചെക്ക് റിപ്പബ്ലിക്കില്‍ 22,479 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.56 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.94 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7141 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,087 പേരും റഷ്യയില്‍ 1,247 പേരും ഉക്രെയിനില്‍ 769 പേരും പോളണ്ടില്‍ 463 പേരും റൊമാനിയായില്‍ 299 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.37 ലക്ഷമായി.
🔳ഓഹരി വിപണി മികച്ച ഉയരംകുറിച്ച്കുതിക്കാന്‍ തു ടങ്ങിയതോടെ വിപണിയില്‍ ലിസ്റ്റ്ചെയ്യു ന്ന കമ്പനികളുടെ എണ്ണത്തിലും റെക്കോഡിട്ടു . സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെ നിരവധി കമ്പനികളാണ് ഐപിഒക്ക് തയ്യാറെടുക്കു ന്നത്. ഈ സാഹചര്യത്തില്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുകയാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച്ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഐപിഒവഴി സമാഹരിക്കുന്ന പണം എപ്രകാരം ചെലവഴിക്കാം എന്നതു ള്‍പ്പടെയു ടെ വ്യവസ്ഥകളിലാണ് പുതിയ നിര്‍ദേശങ്ങളുള്ളത്. വിഷയത്തില്‍ പൊതു ജനങ്ങള്‍ക്ക് നവംബര്‍ 30വരെ അഭിപ്രായം അറിയിക്കാം. ഏറ്റെടുക്കലുകള്‍ക്കും നിക്ഷേപത്തിനുമായി പരമാവധി 35ശതമാനം തുകയാണ് പുതു ക്കിയ വ്യവസ്ഥപ്രകാരം ചെലവഴിക്കാന്‍ കഴിയുക. ലിസ്റ്റ്ചെയ്ത ഉടനെ ഓഹരി വിറ്റ് പിന്മാറുന്നതില്‍നിന്ന് ആങ്കര്‍ നിക്ഷേപകരെ തടയുന്നതിനും സെബി വ്യവസ്ഥമുന്നോട്ടു വെച്ചിട്ടുണ്ട്.
🔳ഐടിഐ മ്യൂചല്‍ ഫണ്ട് ഐടിഐ ബാങ്കി ങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു. നവംബര്‍ 29 വരെയാണ്പുതിയ ഫണ്ട് ഓഫര്‍. കുറഞ്ഞ നിക്ഷേപ തുക 5000 രൂപയാണ്. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, റേറ്റിങ് ഏജന്‍സികള്‍, പുതിയ ഫിന്‍ടെകുകള്‍ തുടങ്ങി ധനാക്രയമേഖലയിലാകും പദ്ധതി നിക്ഷേപം നടത്തുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂലധന നേട്ടം ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് ഈ പദ്ധതി. 2021 ഒക്ടോബര്‍ 31ലെ കണക്കു പ്ര കാരം 2,239 കോടി രൂപയുടെ ആസ്തിയാണ് ഐടിഐ മ്യൂച്വല്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത്.
🔳ടൊവിനൊ നായകനാകുന്ന പുതിയ ചിത്രമാണ് വാശി. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പൂജ ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമായതായി ടൊവിനൊ തോമസ് തന്നെയാണ് അറിയിച്ചത്. രേവതി കലാമന്ദിര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛന്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് വാശിയിലൂടെ. നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്ണു ജി രാഘവ് വാശി സംവിധാനം ചെയ്യുന്നു. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നു. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
🔳ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്ഐയുടെ പുതിയ എഡിഷന്‍ കാണാന്‍ ഫെസ്റ്റിവല്‍ വേദിയായ ഗോവയില്‍ എത്തണമെന്ന് നിര്‍ബന്ധമില്ല. വീട്ടിലിരുന്നും ഇന്റര്‍നെറ്റ് കണക്ഷനുള്ള ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ ഫെസ്റ്റിവല്‍ കാണാന്‍ ഉതകുന്ന വെര്‍ച്വല്‍ മാതൃകയ്ക്കുള്ള രജിസ്ട്രേഷന്‍ തുടരുകയാണ്. 52-ാമത് ഐഎഫ്എഫ്ഐ ഈ മാസം 20 മുതല്‍ 28 വരെയാണ് നടക്കുക. ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെര്‍ച്വല്‍ രജിസ്ട്രേഷന്‍ നടക്കുന്നത്.
🔳മാരുതി സുസുക്കി ഇന്ത്യ സിഎന്‍ജി കാര്‍ വിപണിയില്‍ ചുവടുറപ്പിക്കാനൊരുങ്ങുന്നു. പാസഞ്ചര്‍ വെഹിക്കിള്‍ മാര്‍ക്കറ്റ് ലീഡറായ മാരുതി തങ്ങളുടെ സിഎന്‍ജി പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാനുള്ള പദ്ധതികള്‍ ശക്തമാക്കുകയാണ്. ഇന്ത്യയില്‍ സിഎന്‍ജി-പവര്‍ഡ് കാറുകള്‍ അവതരിപ്പിച്ച ആദ്യകാല കാര്‍ നിര്‍മ്മാതാക്കളില്‍ ഒരാളാണ് മാരുതി സുസുക്കി. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന സിഎന്‍ജി കാര്‍ വില്‍പ്പന 2021 സാമ്പത്തിക വര്‍ഷത്തിലെ (2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെ) – 1,57,954 യൂണിറ്റ് എന്ന സംഖ്യയാണ്.
🔳ഇരുട്ടുകൊണ്ട് കണ്ണുകെട്ടിയാലും നേര്‍ത്തുപോകാത്ത പകച്ചൂരില്‍ വെന്ത്, മനുഷ്യരെപ്പോലെ വിചാരപ്പെടുന്ന ഒരു കൂട്ടം പക്ഷിമൃഗാദികളുടെയും അവര്‍ക്കൊപ്പം ജീവിച്ചവരുടെയും കഥ. ഒരേ സമയം സ്നേഹത്തിന്റെയും പകയുടെയും വിശാലഭൂമികയെ മാജിക്കല്‍ റിയലിസം കൊണ്ട് കീറിമുറിക്കുന്ന നോവല്‍. ‘പുള്ളിക്കറുപ്പന്‍’. മധുശങ്കര്‍ മീനാക്ഷി. ഡിസി ബുക്സ്. വില 342 രൂപ.
🔳ചിലരില്‍ കൊവിഡ് ഭേദമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്വാസകോശത്തിനേറ്റ പ്രശ്‌നങ്ങള്‍ ഇല്ലാതായിപ്പോകാം. എന്നാല്‍ മറ്റ് ചിലരില്‍ ഈ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലത്തേക്ക് കിടക്കുകയും മറ്റ് ശ്വാസകോശരോഗങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യാം. അതിനാല്‍ തന്നെ കൊവിഡ് ശ്വാസകോശത്തെ ബാധിച്ചുവോ ഇല്ലയോ, ഉണ്ടെങ്കില്‍ തന്നെ അതെത്രമാത്രം ഗൗരവമുള്ളതാണ് എന്നെല്ലാം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കൊവിഡ് ഭേദമായ ശേഷവും പലരിലും കൊവിഡ് ലക്ഷണമായി വരുന്ന തളര്‍ച്ച, തൊണ്ടവേദന, ചുമ, ശ്വാസതടസം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്. ‘ലോംഗ് കൊവിഡ്’ എന്നാണിതിനെ വിളിക്കുന്നത്. എന്തായാലും ചുമയും ശ്വാസതടസവും ഒപ്പം തന്നെ താഴ്ന്ന ഓക്‌സിജന്‍ നിലയും കാണുന്നുവെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് സിടി സ്‌കാന്‍ ചെയ്യേണ്ടതുണ്ടോയെന്ന് അന്വേഷിക്കുക. ന്യുമോണിയയുടെ അവശേഷിപ്പുകള്‍ ശ്വാസകോശത്തിലുണ്ടോയെന്ന് മനസിലാക്കാന്‍ സിടി സ്‌കാന്‍ ഉപകരിക്കും. കൊവിഡ് 19 ഒരു ശ്വാസകോശരോഗമാണെങ്കില്‍ കൂടി എല്ലായ്‌പോഴും രോഗിയുടെ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കണമെന്നില്ല. എന്നാല്‍ നേരത്തേ ഏതെങ്കിലും വിധത്തിലുള്ള ശ്വാസകോശരോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക, കൊവിഡ് നിങ്ങളുടെ രോഗാവസ്ഥയെ തീവ്രമാക്കാം. 80 ശതമാനം കേസുകളിലും കൊവിഡ് ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം 10 മുതല്‍ 15 ശതമാനം വരെയുള്ള കേസുകളില്‍ താഴ്ന്ന ഓക്‌സിജന്‍ നിലയും ശ്വാസതടസവും പോലുള്ള പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. ഇത് കൊവിഡ് ശ്വാസകോശത്തെ നല്ലരീതിയില്‍ ബാധിച്ചുവെന്നതാണ് വെളിപ്പെടുത്തുന്നത്.
*ശുഭദിനം*
ക്ലാസ്സില്‍ ടീച്ചര്‍ കുട്ടികളോട് അവര്‍ക്ക് ലഭിച്ച ഏറ്റവും നല്ല സമ്മാനത്തിന്റെ ഒരു ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. ചിലര്‍ വീടിന്റെ ചിത്രം വരച്ചു. ചിലര്‍ കളിപ്പാട്ടം, ചിലര്‍ പൂച്ചക്കുട്ടി അങ്ങനെ പലതരം കളിപ്പാട്ടങ്ങള്‍. ഒരു കുട്ടി വരച്ചത് രണ്ടു കൈകളാണ്. ടീച്ചര്‍ അവനോട് ചോദിച്ചു: നിനക്ക് ഇഷ്ടം ഈ കൈകളാണോ, ഇത് ആരുടെ കൈകളാണ്? അവന്‍ പറഞ്ഞു: ഇത് ടീച്ചറിന്റെ കൈകളാണ്. ടൂര്‍പോയപ്പോള്‍ കടലില്‍ പോകാന്‍ പേടിച്ചു നിന്ന എനിക്ക് ധൈര്യം തന്നത് ഈ കൈകളാണ്. മൈതാനത്ത് ഞാന്‍ വീണപ്പോള്‍ എന്നെ പിടിച്ചെഴുന്നേല്‍പിച്ചതും ഈ കൈകളാണ്. അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ട സമ്മാനം ഈ കൈകളാണ്. പ്രിയപ്പെട്ടവര്‍ ആരെന്ന ചോദ്യത്തിന് ഓരോരുത്തരും നല്‍കുന്ന ഉത്തരത്തിന് ചില സാമ്യങ്ങളുണ്ടായിരിക്കും. അവര്‍ തങ്ങളുടെ പ്രിയങ്ങളെ ചേര്‍ത്തുപിടിച്ചവരോ, അപ്രിയസംഭവങ്ങളില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയവരോ ആകാം. ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ വര്‍ഷങ്ങളോളം കൂടെയുണ്ടായാലും ചിലപ്പോള്‍ അവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടണമെന്നില്ല. ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടുമുട്ടിയവര്‍ പോലും ഉള്‍പ്പെടാം. നമ്മുടെ ഓരോ ദിവസവും എത്രമാത്രം പ്രയോജനകരമായിരുന്നു എന്ന് തിരിച്ചറിയാന്‍ ദിനാന്ത്യം സ്വയം ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതിയാകും. ഇന്ന് എത്ര പേര്‍ക്ക് ഒരു പുഞ്ചിരി നല്‍കാന്‍ സാധിച്ചു, അസ്വസ്ഥനായ ഒരാളോടെങ്കിലും എന്ത് പറ്റിയെന്ന് ചോദിക്കാന്‍ സാധിച്ചുവോ, കൈനീട്ടി യാചനയോടെ നിന്ന ആരുടെയങ്കിലും കണ്ണുകളിലേക്ക് ഒന്ന് നോക്കാന്‍ സാധിച്ചിരുന്നോ, ജോലി തിരക്കുകള്‍ക്കിടയിലും നല്ലതുചെയ്താല്‍ അവരെ അഭിനന്ദിക്കാന്‍ സാധിച്ചിരുന്നോ.. ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരം കണ്ടെത്തിയാല്‍ നമുക്ക് ഇന്നിനെ വിലയിരുത്താനാകും. സാമൂഹ്യപരിഷ്‌കര്‍ത്താവാകാനോ ആള്‍ക്കൂട്ടത്തില്‍ നായകനാകാനോ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. പക്ഷേ, ചില ജീവിതങ്ങളിലെങ്കിലും വഴിത്തിരിവുണ്ടാക്കാന്‍ നമുക്ക് സാധിക്കാനാകും. അതിന് അവരുടെ ജീവിതം മാറ്റിമറിക്കണമെന്നൊന്നുമില്ല. അവശ്യനേരത്ത് ഒരു കൈത്താങ്ങായാല്‍ മാത്രം മതി. – *ശുഭദിനം*
🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼