വിജയത്തോടെ രോഹിതും ദ്രാവിഡും അരങ്ങേറി; കിവീസിനെ തകർത്തത് അഞ്ച് വിക്കറ്റിന്

ഒന്നാം ടി20യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിന്റെ മികവിലാണ് ഇന്ത്യൻ വിജയം

ഒന്നാം വിക്കറ്റിൽ രാഹുലും രോഹിതും ചേർന്ന് അഞ്ചോവറിൽ സ്‌കോർ 50 കടത്തിയിരുന്നു. 15 റൺസെടുത്ത രാഹുൽ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവുമൊന്നിച്ച് രോഹിത് സ്‌കോർ 109 വരെ എത്തിച്ചു. 36 പന്തിൽ രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതം 48 റൺസെടുത്ത രോഹിത് ബോൾട്ടിന് മുന്നിൽ വീണു

സ്‌കോർ 144 ൽ നിൽക്കെ 40 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 62 റൺസെടുത്ത സൂര്യകുമാർ യാദവും പുറത്തായി. ശ്രേയസ്സ് അയ്യർ അഞ്ച് റൺസിനും വെങ്കിടേഷ് അയ്യർ നാല് റൺസിനും പുറത്തായി. റിഷഭ് പന്ത് 17 റൺസുമായും അക്‌സർ പട്ടേൽ ഒരു റൺസുമായും പുറത്താകാതെ നിന്നു

നേരത്തെ 70 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലിന്റെയും 63 റൺസെടുത്ത മാർക് ചാപ്മാന്റെയും ബാറ്റിംഗാണ് കിവീസ് സ്‌കോർ ഉയർത്തിയത്. സെയ്ഫർട്ട് 12 റൺസെടുത്തു. മറ്റാരും രണ്ടക്കം തികച്ചില്ല. ഇന്ത്യൻ ടി20 നായക സ്ഥാനത്ത് രോഹിതിനും ഇന്ത്യൻ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിനും ഇതോടെ വിജയത്തോടെ അരങ്ങേറ്റം കുറിക്കാനായി.