തൃശൂര്‍ കുന്നംകുളം സ്റ്റേഷന്‍ കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. സസ്‌പെന്‍ഷന്‍ രണ്ട് വര്‍ഷം മുന്‍പ് സ്വീകരിക്കേണ്ടതെന്നും ക്രിമിനലുകളെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതു വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ നരാധമന്മാരെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ല. ഇപ്പോഴത്തെ തീരുമാനം ചെറിയൊരു നടപടി മാത്രമായെ കാണാനാകൂ. മാത്രമല്ല ഈ നടപടി രണ്ട് വര്‍ഷം മുന്‍പ് സ്വീകരിക്കേണ്ടതായിരുന്നു – അദ്ദേഹം വ്യക്തമാക്കി.
ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന ശേഷവും സര്‍ക്കാര്‍ പൊലീസുകാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച മുന്‍ പൊലീസ് ഡ്രൈവറെ സര്‍ക്കാര്‍ ഇപ്പോഴും ചേര്‍ത്ത് പിടിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്? കൊടുംക്രൂരത കാട്ടിയ അഞ്ച് ക്രിമിനലുകളെയും സര്‍വീസില്‍ നിന്ന് പുറത്താക്കി നിയമ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കണ്ണില്ലാത്ത ക്രൂരത കാട്ടിയ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ യുഡിഎഫ് സമരം തുടരും – അദ്ദേഹം പറഞ്ഞു.
സസ്‌പെന്‍ഷന്‍ അല്ല വേണ്ടതെന്നും ഇതില്‍ ഉള്‍പ്പെട്ട അഞ്ച് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും മര്‍ദനത്തിന് ഇരയായ സുജിത്തും പറഞ്ഞു. സസ്‌പെന്‍ഷന്‍ ആദ്യഘട്ട നടപടി എന്ന് പറയാന്‍ പറ്റില്ല. ആദ്യം പറഞ്ഞിരുന്നത് സ്ഥലം മാറ്റം ആയിരുന്നു. അത് കഴിഞ്ഞപ്പോള്‍ ഇന്‍ക്രിമെന്റ് കട്ട് ചെയ്യണമെന്ന് പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്തു എന്നുള്ളത് മൂന്നാം ഘട്ടമാണ്. ഇതല്ല നമ്മുടെ ആവശ്യം. അഞ്ചു പേരെയും സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിടണമെന്നതാണ് ഞങ്ങളുടെ ആവശ്യം. അതിനനുസരിച്ചുള്ള നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കൃത്യമായ അച്ചടക്ക നടപടി വേണം. പിരിച്ചു വിടുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ട് പോകും – അദ്ദേഹം പറഞ്ഞു.