തൃശൂര്‍ കുന്നംകുളം സ്റ്റേഷന്‍ കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതില്‍ പ്രതികരണവുമായി മര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത്. സസ്‌പെന്‍ഷന്‍ അല്ല വേണ്ടതെന്നും ഇതില്‍ ഉള്‍പ്പെട്ട അഞ്ച് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും സുജിത്ത് പറഞ്ഞു.
സസ്‌പെന്‍ഷന്‍ ആദ്യഘട്ട നടപടി എന്ന് പറയാന്‍ പറ്റില്ല. ആദ്യം പറഞ്ഞിരുന്നത് സ്ഥലം മാറ്റം ആയിരുന്നു. അത് കഴിഞ്ഞപ്പോള്‍ ഇന്‍ക്രിമെന്റ് കട്ട് ചെയ്യണമെന്ന് പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്തു എന്നുള്ളത് മൂന്നാം ഘട്ടമാണ്. ഇതല്ല നമ്മുടെ ആവശ്യം. അഞ്ചു പേരെയും സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിടണമെന്നതാണ് ഞങ്ങളുടെ ആവശ്യം. അതിനനുസരിച്ചുള്ള നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കൃത്യമായ അച്ചടക്ക നടപടി വേണം. പിരിച്ചു വിടുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ട് പോകും – അദ്ദേഹം പറഞ്ഞു.
എസ് ഐ നൂഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കോടതി നടപടികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
തൃശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സസ്പെന്‍ഷന് ശുപാര്‍ശ ചെയ്തിരുന്നത്. അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എസ് ഐ നൂഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 4 പൊലീസുകാര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.