സ്‌കൂളുകള്‍ക്ക് നാട്ടുകാര്‍ ധനസഹായം നല്‍കണം: അഭ്യർത്ഥനയുമായി മന്ത്രി വി ശിവന്‍കുട്ടി

 

തിരുവനന്തപുരം: സ്‌കൂള്‍ബസ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സ്‌കൂളുകള്‍ക്ക് നാട്ടുകാര്‍ ധനസഹായം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ബസുകൾ മോട്ടോർവാഹന വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കമെന്നും എന്നാൽ ഒന്നര വർഷമായി ഓടാതെ കിടക്കുന്ന ബസുകൾക്ക് അറ്റകുറ്റ പണികൾ തീർത്ത് ഫിറ്റ്നസ് നേടുക എന്ന വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ബസ് അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് ഉറപ്പാക്കാൻ നാട്ടുകാർ സഹായിക്കണമെന്നും നാട്ടുകാരുടെ സഹായത്താൽ എല്ലാവരും ഒന്നിച്ച് നിന്നാൽ ബസിന് വരുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘സ്കൂൾ ബസിന് മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും. സ്കൂൾ പിടിഎ യ്ക്ക് ഫണ്ട് കുറവാണ്. എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരോടും സ്കൂൾ ബസ് സാഹചര്യം പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ കുട്ടികൾക്ക് മാത്രമായി പ്രത്യാകം ഓടിക്കാനും ആലോചന നടക്കുന്നുണ്ട്. സ്റ്റുഡന്റ്‌സ് ഒൺലി ബസ് എന്ന രീതിയിൽ ഓടിക്കാനാണ് ആലോചന. സ്വകാര്യ സ്കൂളുകൾക്ക് വേണ്ടി ബോണ്ട് സർവ്വീസ് ആയും ബസ് വിട്ടി നൽകും. ഡ്രൈവറും, ബസും, ഇന്ധനവുമെല്ലാം കെഎസ്ആർടിസി വഹിക്കും. സാധാരണ ടിക്കറ്റ് തുകയിൽ നിന്ന് കൂടുതൽ തുകയാകും ഈ രീതിയിൽ ഓടുന്ന ബസുകളിൽ ഈടാക്കുക’- മന്ത്രി വ്യക്തമാക്കി.

ബസുകളുടെ അറ്റകുറ്റ പണിയ്ക്കുള്ള പൂർണമായും വലിയ ഫണ്ട് സർക്കാർ അനുവദിക്കുക പ്രായോഗികമല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്കൂൾ ബസുകൾ റോഡിലിറക്കണമെങ്കിൽ അറ്റകുറ്റപ്പണികൾ തീർത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കണം. എന്നാൽ മാത്രെ മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളു. സ്കൂൾ ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനും കുട്ടികളെ കയറ്റുന്നതിനും മോട്ടോർ വാഹന വകുപ്പ് വിശദമായ മാർഗരേഖ പുറത്തിറക്കിയിരുന്നു. സ്കൂളിൽ എത്തുന്നതിന് മുൻപ് സ്കൂൾ ബസിൽ നിന്ന് തന്നെ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ബസ് അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷം മോട്ടോർവാഹന വകുപ്പ് സ്കൂളിൽ എത്തി പരിശോധിക്കും. ഫിറ്റ്നസ് പരാജയപ്പെട്ടാൽ റോഡിൽ ഇറക്കാനാകില്ല.