സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കും: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ എത്രയും വേഗം തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍വ്വ ശിക്ഷ കേരളയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കായംകുളം ഗവ.ടൗണ്‍ യു.പി. സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് കോവിഡ് സാഹചര്യം വിലയിരുത്തി വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് കേരളം. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് സാഹചര്യത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോള്‍ പരിമിതികള്‍ക്കിടയിലും സംസ്ഥാനത്ത് ഈ 16 മാസവും ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താനും എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നടത്താനും കഴിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് സര്‍വ്വ ശിക്ഷ കേരള മികച്ച ഇടപെടലുകളാണ് നടത്തുന്നത്. ശലഭോദ്യാനം പദ്ധതി വഴി കുട്ടികളില്‍ പ്രകൃതി സ്‌നേഹം വളര്‍ത്താനും പ്രകൃതിയില്‍ നിന്ന് അറിവുകള്‍ കണ്ടെത്താനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥിതി പാഠപുസ്തകം ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ പി.ടി.എ, മാതൃസംഗമം, സര്‍വ്വ ശിക്ഷ കേരള, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ശലഭോദ്യാനം ഒരുക്കിയിരിക്കുന്നത്. കുട്ടികളില്‍ പ്രകൃതിസ്‌നേഹം വളര്‍ത്തുക, പ്രകൃതിയില്‍ നിന്ന് അറിവ് കണ്ടെത്താന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍വ്വശിക്ഷ കേരള വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ലഘുലേഖകള്‍, പഠന ക്ലാസുകള്‍, കൈപ്പുസ്തകം, പരിശീലന ക്ലാസുകള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവ നടത്തും. പദ്ധതിക്കായി താത്പര്യപ്പെടുന്ന പൊതുവിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. താത്പര്യം അറിയിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീടുകളിലും പദ്ധതി നടപ്പിലാക്കും.

ചടങ്ങില്‍ യു. പ്രതിഭ എംഎല്‍എ അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി. മുഖ്യാതിഥിയായി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി കുട്ടികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പീച്ചി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് ശലഭോദ്യാനം പഠന ക്ലാസ്സ് നടത്തി. കായംകുളം നഗരസഭാധ്യക്ഷ പി.ശശികല, നഗരസഭ വൈസ് ചെയര്‍മാന്‍ ആദര്‍ശ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, എസ്.എസ്.കെ. ജില്ല പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോ-ഓര്‍ഡിനേറ്റര്‍ എ.കെ. പ്രസന്നന്‍, മാവേലിക്കര ഡി.ഇ.ഒ. പി. സുജാത, കായംകുളം എ.ഇ.ഒ. എ. സിന്ധു, സ്‌കൂള്‍ പ്രധമാധ്യാപിക ജെസി കെ. ജോസ് എന്നിവര്‍ പങ്കെടുത്തു.