സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകര്‍ മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിക്കണം: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും തങ്ങളുടെ മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. തിരുവനന്തപുരം പട്ടം ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സയന്‍സ് ലാബിന്റെയും സ്‌കൂള്‍ വെബ്സൈറ്റിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകയുപയോഗിച്ച് പൂര്‍ത്തിയാക്കിയ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളാണ് മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്.
അനുവദിച്ചതില്‍ നിന്ന് ബാക്കി വന്ന 4 ലക്ഷം രൂപ വിനിയോഗിച്ച് കമ്പ്യൂട്ടര്‍ ലാബിലേക്കാവശ്യമായ കമ്പ്യൂട്ടറുകള്‍ വാങ്ങും. എല്‍.ഐ.സി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും എല്‍.ഐ.സി ജീവനക്കാരും സമാഹരിച്ച സ്മാര്‍ട്ട് ഫോണുകള്‍ സ്‌കൂളിന് കൈമാറി.