കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച ഡോക്ടറുമാരുടെ സമരത്തിൽ ദുരിതത്തിലായി രോഗികൾ. ജില്ലയിലെ ഒപികൾ പൂർണമായും ബഹിഷ്കരിച്ചായിരുന്നു പ്രതിഷേധം. ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം തുടരാനാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം.
താമരശേരിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെ.ജി.എം.ഒ.എ.. ജില്ലയിലെ ആശുപത്രി ഒപികൾ പൂർണമായും സ്തംഭിപ്പിച്ചായിരുന്നു പ്രതിഷേധം. മിന്നൽ പണിമുടക്കിൽ ദുരിതത്തിലായ ജനങ്ങൾ നിരവധിയാണ്.ജില്ലയിലെ പ്രധാന ആശുപത്രിയായ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ രാവിലെ മുതൽ ആളുകൾ എത്തി. ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് എല്ലാവരും മടങ്ങി.ജില്ലയിലെ മലയോര മേഖലയിലും പ്രതിസന്ധി രൂക്ഷമായി.
അതിനിടെ പൊലീസ് എയ്ഡ് പോസ്റ്റ് കാര്യക്ഷമമാക്കുക, അത്യാഹിത വിഭാഗത്തിൽ കുറഞ്ഞത് രണ്ട് ഡോക്ടറുമാരുടെ സേവനം ഉറപ്പാക്കുക, സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനം മെച്ചപ്പെടുത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് മിട്ടായി തെരുവിൽ കെ.ജി.എം.ഒ.എ. പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് സമരം കടുപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കുന്നു.