Headlines

‘പണ്ട് ഐഎന്‍ടിയുസി നേതാവിനെക്കൊണ്ട് ഏറ്റുമാനൂരപ്പന്റെ പൊന്ന് തിരികെവപ്പിച്ച പാരമ്പര്യമുള്ളവരാണ് ഞങ്ങള്‍’; രാജിവയ്ക്കില്ലെന്ന് ദേവസ്വം മന്ത്രി

ശബരിമല സ്വര്‍ണമോഷണ വിവാദത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഇന്ത്യാ രാജ്യത്ത് ഏതെങ്കിലും ഒരു കോടതിയില്‍ തന്റെ പേരില്‍ എഫ്‌ഐആര്‍ ഉണ്ടോ എന്ന് ചോദിച്ച മന്ത്രി വാസവന്‍ അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ തന്റെ രാജി ആവശ്യപ്പെടുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് പറയാമെന്നും നിയമസഭയില്‍ പറഞ്ഞു. സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിന്റെ നിലപാട് കൃത്യമാണ്. ശബരിമലയില്‍ നിന്ന് ഒരുതരിപ്പൊന്ന് ആരെങ്കിലും അടിച്ചുമാറ്റിയെങ്കില്‍ തിരിച്ച് വപ്പിക്കാനും മോഷ്ടിച്ചവനെ കൈയ്യാമം വെപ്പിക്കാനും ശേഷിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും മന്ത്രി വാസവന്‍ പറഞ്ഞു.

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നടന്ന ഒരു മോഷണം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു സഭയില്‍ മന്ത്രി വി എന്‍ വാസവന്റെ മറുപടി. അന്ന് ഐഎന്‍ടിയുസി നേതാവ് സ്റ്റീഫന്‍ ആയിരുന്നു മോഷണം നടത്തിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്നത്തെ മന്ത്രി ടി കെ രാമകൃഷ്ണന്‍ പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചു. ആ പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിനോട് സമഗ്രമായ അന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെളിപ്പെടുത്തല്‍ സഭയില്‍ വന്ന് ഉടന്‍ തന്നെ സ്വര്‍ണപീഠം പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയുണ്ടായി. ഇത്തരത്തില്‍ എല്ലാ ആരോപണങ്ങളും വിശദമായി തന്നെ അന്വേഷിക്കും. ഏത് ഉന്നതനായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലല്ലേ നടക്കുന്നതെന്നും പ്രതിപക്ഷം ഇത്ര ഭയക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. ശബരിമലയോടും വിശ്വാസികളോടും ആത്മാര്‍ഥതയുണ്ടെങ്കില്‍ പ്രതിപക്ഷം അന്വേഷണത്തോട് സഹകരിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം ഹൈക്കോടതിയെ പോലും വെല്ലുവിളിക്കുന്നതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ചിലര്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും മുന്നില്‍ തിരികൊളുത്തുന്നവര്‍ അത് ആവശ്യപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും മന്ത്രി സഭയില്‍ പറഞ്ഞു.