നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കീഴടങ്ങി

നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കറാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. രാവില മറ്റൊരു പ്രതിയായ അബ്ദുൽ സലാമും കീഴടങ്ങിയിരുന്നു. ഇതോടെ ആറ് പ്രതികള്‍ കേസില്‍ പിടിയിലായി. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. അതേസമയം സമാനമായ രീതിയില്‍ തട്ടിപ്പിനിരയായ നാല് യുവതികള്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കി.

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിലായ സാഹചര്യത്തിലാണ് കൂടുതൽ പേർ ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആലപ്പുഴ സ്വദേശിനിയായ യുവ മോഡൽ അടക്കം 3 പേരാണ് ഇന്നലെ പരാതി നൽകിയത്. 5 പേർ കൂടി പരാതിയുമായി പൊലീസിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരിൽ 4 പേർ ഇന്ന് നേരിട്ട് പൊലീസിൽ പരാതി നൽകാനെത്തുമെന്നും ഐ ജി വിജയ സാഖറെ പറഞ്ഞു. പ്രതികൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. മോഡലിംഗിനാണെന്ന വ്യാജേന പാലക്കാട് വാളയാറിൽ വെച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും പൂട്ടിയിടുകയും ചെയ്തു എന്നാണ് പരാതി. പരാതിക്കാരിൽ ചിലരുടെ പണവും സ്വർണവും പ്രതികൾ കൈക്കലാക്കിയെന്നും ആരോപണമുണ്ട്. ഒരു വർഷത്തിനിടെ നിരവധി സ്ഥലങ്ങളിൽ സംഘം തട്ടിപ്പ് നടത്തിയതായി പൊലീസ് പറയുന്നു.ഇപ്പോൾ ഹൈദരാബാദുള്ള ഷംന കാസിം നാളെ കൊച്ചിയിലെത്തി പൊലീസിൽ നേരിട്ട് മൊഴി നൽകും. കേസിൽ ഇനി രണ്ട് പേർ കൂടിയാണ് പിടിയിലാകാനുള്ളത്. സിനിമാ മേഖലയിൽ ഉൾപ്പെടെ കൂടുതൽ പേർക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.