ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ ഏഴംഗ സംഘം

നടി ഷംന കാസിമിന് എതിരായ ബ്ലാക്‌മെയ്‌ലിംഗ് കേസില്‍ സിനിമാ മേഖലയിൽ ഉള്ളവരുടെ പങ്കും അന്വേഷിക്കുമെന്ന് കമ്മീഷണർ വിജയ് സാഖറെ. നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. പ്രതികള്‍ പലരെയും ലൈംഗിക ചൂഷണം ചെയ്തതായി സംശയമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

ഏഴംഗ തട്ടിപ്പ് സംഘത്തില്‍ ഇതുവരെ നാല് പ്രതികളാണ് പൊലീസ് പിടിയിലായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാകാനാണ് നടിമാരടക്കമുള്ള പ്രമുഖരെ തട്ടിപ്പ് സംഘം സമീപിക്കുന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. അതിനാല്‍ തട്ടിപ്പിന്‍റെ ആസൂത്രണത്തിൽ സിനിമാ മേഖലയിലെ ആർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും.

പ്രതികള്‍ സമാനമായ തട്ടിപ്പുകള്‍ നടത്തുകയും പെണ്‍കുട്ടികളെ ലൈംഗീക ചൂഷണം ചെയ്തതായുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ചൂഷണത്തിനിരയായവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ഐജി പറഞ്ഞു. ഷംന കാസിമില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടതായാണ് വിവരം. ഷംന കാസിമിന് നിയമനടപടികൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് താരസംഘടനയായ അമ്മ അറിയിച്ചു. തട്ടിപ്പിന്‍റെ വിവരം നടി ഷംന കാസിം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. സീരിയല്‍താരവും മോഡലുമാണ് നിലവില്‍ പരാതി നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *