അങ്കമാലിയില്‍ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിനും അമ്മക്കും സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനിത കമ്മീഷന്‍

അങ്കമാലിയിൽ അച്ഛൻ കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉള്ളതായി ആശുപത്രി അധികൃതർ. കുഞ്ഞിന്റെ നിലയിൽ മാറ്റം വന്നുതുടങ്ങിയതോടെ നൽകിക്കൊണ്ടിരുന്ന ഓക്‌സിജന്റെ അളവ് കുറച്ചു. അതേസമയം കുഞ്ഞിന്റെ അമ്മയുടെ സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനിത കമ്മീഷൻ അറിയിച്ചു.

തിങ്കളാഴച നടത്തിയ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യ നില ദിനം പ്രതി മെച്ചപ്പെട്ട് വരികയാണ്. മുലപ്പാൽ തനിയെ കുടിക്കുന്നതും ശരീര ചലനങ്ങളും പ്രതീക്ഷ നൽകുന്നതാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഒരാഴ്ച കൂടി കുഞ്ഞ് നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പതിനെട്ടാം തിയതിയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ ആന്തരിക രക്ത സ്രവവും അടിക്കടി ഉണ്ടായ അപസ്മാരവും കുഞ്ഞിന്റെ ആരോഗ്യ നില വഷളാക്കിയിരുന്നു. എന്നാൽ ഇപ്പോഴുള പുരോഗതി വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതേ സമയം കുഞ്ഞിനും അമ്മക്കും എല്ലാ വിധ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി. കുഞ്ഞിന്റെ അമ്മയെ സ്വദേശമായ നേപ്പാളിലേക്ക് തിരിച്ചയക്കണമെന്നാണ് കമ്മീഷൻ നിലപാടെന്ന് അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.

സംശയരോഗവും പെൺകുഞ്ഞായതിന്റെ നിരാശയും മുലമാണ് പിതാവ് കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചത്. കുഞ്ഞിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അറസ്റ്റിലായ പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.