‘പാഴ്‌സൽ വാങ്ങാനാണ് ഹോട്ടലിൽ എത്തിയത്, കൈയേറ്റം മോശം രീതിയിൽ പെരുമാറിയതിനാൽ‘; വിശദീകരണവുമായി രമ്യ ഹരിദാസ്

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയെന്ന ആരോപണത്തിന് മറുപടിയുമായി രമ്യ ഹരിദാസ് എം.പി രം​ഗത്ത്.

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മഴ ആയതിനാലാണ് അകത്ത് കയറി ഇരുന്നതെന്നും രമ്യ ഹരിദാസ് വിശദീകരിച്ചു.

പാഴ്സൽ പറഞ്ഞ സമയത്താണ് വീഡിയോ എടുത്ത പയ്യൻ വരുന്നതെന്നും വളരെ മോശം രീതിയിലുള്ള പെരുമാറ്റം ഉണ്ടായതോടെയാണ് കയ്യേറ്റമുണ്ടായതെന്നും എം.പി കൂട്ടിചേർത്തു.

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളിൽ നേതാക്കൾ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഞായറാഴ്ച പകലാണ് സംഭവം നടക്കുന്നത്.

പാലക്കാട്ടെ നഗരത്തിലുള്ള ഒരു റസ്റ്റോറന്റിലാണ് രമ്യ ഹരിദാസ് എംപിയും, വി.ടി ബൽറാമും റിയാസ് മുക്കോളിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ എത്തിയത്.

ഭക്ഷണം കഴിക്കാനെത്തിയ കോൺ​ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. വീഡിയോ എടുത്തയാളോട് യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ക്ഷോഭിക്കുന്നതിൻ്റെ ദ്യശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

താങ്കൾ എംപിയല്ലേയെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്തം താങ്കൾക്കില്ലേയെന്നും വിഡിയോ പകർത്തിയ ആൾ ചോദിക്കുന്നുണ്ട്.

എന്നാൽ ഭക്ഷണം പാർസൽ വാങ്ങാൻ വന്നതാണെന്നും ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നുമാണ് നേതാക്കളുടെ വിശദീകരണം. ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിന്നതാണെന്നും മഴ പെയ്തതിനാലാണ് അകത്ത് കയറി ഇരുന്നതെന്നും ഇവർ പറഞ്ഞു.