ആർക്കും വേണ്ടാതെ പക്ഷികൾക്ക് തീറ്റയായി മാറിയിരുന്ന ഞാവൽ പഴത്തിന് ഇപ്പോൾ വൻ ഡിമാൻഡ്; കിലോ 400 രൂപ

 

മൂവാറ്റുപുഴ ∙ നാവു കറുക്കും വരെ രുചിയോടെ നുണയാൻ തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും ഞാവൽ പഴങ്ങൾ എത്തി. ഔഷധ ഗുണവും രുചിയും ഏറെയുള്ള ഞാവൽ പഴത്തിന് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡാണ്. എന്നാൽ രുചി അറിയണമെങ്കിൽ വില അൽപം കടുപ്പമാണ്. കിലോയ്ക്ക് 400 രൂപ നൽകണം. ഒരുകാലത്ത് നാട്ടിൽ ആർക്കും വേണ്ടാതെ പക്ഷികൾക്ക് തീറ്റയായി മാറിയിരുന്ന ഞാവൽ പഴമാണ് ഇപ്പോൾ തമിഴ്നാട്ടിലെ തിരുനെൽവേലി, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്ന് ലോഡ് കണക്കിന് എത്തിച്ച് വഴിയോരങ്ങളിൽ വിൽപന നടത്തുന്നത്. പ്രധാന റോഡുകളിലും ഇടറോഡുകളിലും തമിഴ്നാട്ടിൽ‌ നിന്നുള്ള നിരവധി വഴിയോര വിൽപനക്കാരാണ് ഇപ്പോൾ തമ്പടിച്ചിരിക്കുന്നത്. നിത്യേന ദീർഘദൂര ബസുകളിലും പിക്കപ് വാനുകളിലുമായാണ് ഇവർക്കുള്ള ഞാവൽ പഴം ലോഡ് എത്തുന്നത്. നാട്ടിൻപുറങ്ങളിൽ സുലഭമായിരുന്ന ഞാവൽ മരങ്ങൾ ഇന്ന് അപ്രത്യക്ഷമായ അവസ്ഥയിലാണ്. എങ്കിലും ഞാവൽ പഴത്തോടുള്ള പ്രിയം മലയാളികൾ മറന്നിട്ടില്ലെന്നു മനസ്സിലാക്കിയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് വലിയ വിലയിൽ ഇവ വിപണി കീഴടക്കാൻ എത്തിച്ചിരിക്കുന്നത്.

 

മീനം, മേടം മാസങ്ങളിലാണ് ഞാവൽ മരങ്ങൾ പൂക്കുന്നത്. പഴം പാകമാകുന്നതോടെ മരത്തിനടിയിൽ വലിയ വലവിരിച്ചാണ് ഇവ കേടുപാടുകളില്ലാതെ ശേഖരിക്കുന്നത്. പഴം മാത്രമല്ല, ഇതിന്റെ കുരുവും ഔഷധമൂല്യമുള്ളതാണ്. അതിനാൽ വില അൽപം കൂടുതലാണെങ്കിലും ഞാവൽ പഴം വാങ്ങാൻ ഒട്ടേറെ പേരാണ് എത്തുന്നത്. നിത്യേന ആയിരക്കണക്കിനു രൂപയുടെ കച്ചവടമാണ് ഓരോരുത്തരും നടത്തുന്നത്.