മലപ്പുറം ∙ ലോകകപ്പ് ആവേശം അണപൊട്ടിയൊഴുകുമ്പോൾ അതിലേക്ക് മലപ്പുറം നഗരസഭയുടെ കിടിലൻ ‘ബ്ലാസ്റ്റ്’. മികച്ച കളിക്കാരെ വാർത്തെടുക്കാനും മലപ്പുറത്തെ ഫുട്ബോളിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും നഗരസഭ ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ ഭാഗമായി ‘മിനി ബ്ലാസ്റ്റേഴ്സ് മലപ്പുറം നഗരസഭ’ എന്ന പേരിൽ കുട്ടികൾക്ക് കേരള ഗ്രാമീണ ബാങ്കിന്റെ സഹകരണത്തോടെ ജഴ്സിയും ഫുട്ബോളും വിതരണം ചെയ്തു. ടൗൺഹാൾ മുറ്റത്ത് പന്തുതട്ടി മലപ്പുറത്തെ കുട്ടികൾ മലപ്പുറം ഫിഫ ലോകകപ്പിനെ വരവേറ്റു.ഫുട്ബോളിന്റെ വളർച്ചയ്ക്ക് നഗരസഭ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ തുടർച്ചയാണിതെന്ന് അധ്യക്ഷ വി.റിനിഷ പറഞ്ഞു. നഗരസഭയിലെ 3000 കുട്ടികൾക്കാണു ജഴ്സി വിതരണം ചെയ്തത്. 45 വാർഡുകളിലായി കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ കീഴിലുള്ള 194 ബാലസഭ യൂണിറ്റുകൾക്ക് ഫുട്ബോളും കൈമാറി. മന്ത്രി കെ.എം.ഷാജി പദ്ധതിയുടെ ലോഞ്ചിങ്ങും വിതരണോദ്ഘാടനവും നിർവഹിച്ചു. നഗരസഭാധ്യക്ഷ വി.റിനിഷ അധ്യക്ഷത വഹിച്ചു. ഗ്രാമീണ ബാങ്ക് ചെയർപഴ്സൻ വിമല വിജയഭാസ്കർ, ഉപാധ്യക്ഷൻ ജിതേഷ് ജി.അനിൽ, സ്ഥിരസമിതി അധ്യക്ഷരായ ഹാരിസ് ആമിയൻ, പരി മജീദ്, മറിയുമ്മ ഷരീഫ്, ആബിദ എട്ടുവീട്ടിൽ, സമീറ നാണത്ത് തുടങ്ങിയവർ പ്രസംഗിച്ചു.






