ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ കുട്ടിയാണ് ചികിത്സ തേടിയത്. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശികളായ സുന്ദരൻ-റീന ദമ്പതികളുടെ മകനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിഷക്കായ കഴിച്ചതിനെ തുടർന്ന് അഭിഷേകിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ചുണ്ടും ശരീരഭാഗങ്ങളും തടിച്ചുവീർക്കുകയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വീടിനു സമീപത്തെ പറമ്പിൽ നിന്ന് ഞാവൽപഴം എന്ന് കരുതിയാണ് കുട്ടി വിഷക്കായ കഴിച്ചത്. ചേര് മരത്തിന്റെ നാലു പഴമാണ് അഭിഷേക് കഴിച്ചത്. കഴിഞ്ഞ ദിവസം രണ്ടു കുട്ടികൾ സമാന രൂപത്തിൽ വിഷക്കായ കഴിച്ചതിനെത്തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.