പാകിസ്താനിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ് .25 വർഷത്തെ സേവനകൾക്കാണ് അവസാനമാകുന്നത്. 2000 ജൂണിലാണ് കമ്പനി പാകിസ്താനിൽ പ്രവർത്തനം ആരംഭിക്കുന്നത്. പാകിസ്താനിലെ മൈക്രോസോഫ്റ്റ് സ്ഥാപക മേധാവിയായ ജവ്വാദ് റഹ്‌മാൻ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ‘ഒരു യുഗത്തിന്റെ അവസാനം…..മൈക്രോസോഫ്റ്റ് പാകിസ്താൻ ‘ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് ഇട്ടത്.പാകിസ്താനിൽ മൈക്രോസോഫ്റ്റിന്റെ സേവനം നിലനിർത്തുന്നതിനായി കമ്പനിയുടെ ആഗോള പ്രാദേശിക നേതൃത്വവുമായി ചർച്ച ചെയ്യണമെന്ന് ഐ ടി മന്ത്രിയോടും പാകിസ്താൻ സർക്കാരിനോടും അഭ്യർത്ഥിച്ചതായും റഹ്‌മാൻ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജീവനക്കാരുടെ എണ്ണവും പ്രവർത്തനവും കമ്പനി കുറച്ച് വരികയായിരുന്നു.ഇപ്പോൾ പൂർണമായും പിന്മാറാൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഈ നടപടി പാകിസ്താനിലെ ബിസിനസ്സ് ടെക് മേഖലകളിൽ കടുത്ത ആശങ്ക ഉയർത്തുന്നതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വിദേശനാണ്യ പ്രതിസന്ധി, ഇറക്കുമതി നിയന്ത്രണങ്ങള്‍, മോശം ബിസിനസ് അന്തരീക്ഷം എന്നിവ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് നിന്ന് നിരവധി ബഹുരാഷ്ട്ര കമ്പനികളുടെ പിൻവാങ്ങലിന് കാരണമായിട്ടുണ്ട്. ലോട്ടെ ,പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, സുസുക്കി തുടങ്ങിയ കമ്പനികൾ മോശം സാമ്പത്തികാവസ്ഥ എന്നിവ കാരണം പാകിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുയും, അവസാനിപ്പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇത് തന്നെ ആകാം മൈക്രോസോഫ്റ്റിന്റെ പിൻവാങ്ങലിനും കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്നുള്ള നടപടി മറ്റ് ടെക് കമ്പനികള്‍ക്ക് പാകിസ്താനില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനോ നിക്ഷേപം നടത്തുന്നതിലോ തടസ്സം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ അഭിപ്രയാപ്പെടുന്നത്.എന്നാൽ പുറത്തു വരുന്ന വാർത്തകൾ വ്യാജമാണെന്നാണ് ഐ ടി മന്ത്രാലയത്തിന്റെ വിശദീകരണം.