അഫ്ഗാനെ ഒഴിവാക്കി, മോദിയുടെ വിമാനം പറന്നത് പാകിസ്താൻ വഴി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് പോയത് പാക് വ്യോമപാത വഴി. യാത്രയ്ക്കായി പാകിസ്താൻ അനുമതി നൽകിയതോടെയാണ് മോദിക്ക് അയൽരാഷ്ട്രം വഴിയുള്ള വിമാനയാത്ര സാധ്യമായത്. 2019ൽ കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തു കളഞ്ഞ ശേഷമാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ വിലക്കേർപ്പെടുത്തിയിരുന്നത്.

നേരത്തെ മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ മൂന്നു തവണ പാകിസ്താൻ അനുമതി നിഷേധിച്ചിരുന്നു. അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയ ശേഷം വാണിജ്യ വിമാനങ്ങൾക്ക് പറക്കാൻ അനുമതിയില്ല. ആഗസ്ത് 16 മുതലാണ് അഫ്ഗാൻ തങ്ങളുടെ വ്യോമപാത അടച്ചത്. അഫ്ഗാൻ വഴിയുള്ള യാത്ര സുരക്ഷിതമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ സർക്കാറിനെ അറിയിച്ചിരുന്നു.

15 മണിക്കൂറിലേറെ പറന്നാണ് മോദിയെയും വഹിച്ചുള്ള ബി-777 വിമാനം യുഎസിലെത്തിയത്. ബുധനാഴ്ച രാവിലെ ഡൽഹിയിലെ ഇന്ത്യൻ വ്യോമസേനയുടെ ടെക്‌നിക്കൽ എയർബേസിൽ നിന്നാണ് വിമാനം പറന്നയുർന്നത്. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 3.30നാണ് വിമാനം വാഷിങ്ടണിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ ലാൻഡ് ചെയ്തത്. അമേരിക്കൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു അടക്കമുള്ളവരും ചേർന്നാണ് മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച, ക്വാഡ് ഉച്ചകോടി, ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയെ അഭിസംബോധന ചെയ്യൽ എന്നിവയാണ് മോദിയുടെ ത്രിദിന യു.എസ്. സന്ദർശനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇത് ആദ്യമായാണ് ജോ ബൈഡനും മോദിയും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത്.