ന്യൂഡൽഹി: കോവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി ഇന്ത്യ. ജൂൺ 30 വരെ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇപ്പോൾ ജൂലായ് 31 വരെയാണ് നീട്ടിയിട്ടുളളത്.
കഴിഞ്ഞ വർഷം മാർച്ച് 23നാണ് ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും ഡി ജി സി എ വിലക്കേർപ്പെടുത്തിയത്. എന്നാൽ, ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യങ്ങളുടെ വിമാനങ്ങൾക്ക് പ്രത്യേക അനുമതിയോടുകൂടി സർവീസ് നടത്താൻ സാധിക്കുമായിരുന്നു. അതുകൂടാതെ അതാത് അവസരത്തിലെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക വിമാനങ്ങൾക്ക് അനുമതി നൽകിയിരുന്നു.
ഫ്രാൻസ്, അമേരിക്ക, ബ്രിട്ടൻ, യു എ ഇ, കെനിയ, ഭൂട്ടാൻ തുടങ്ങി 27 ഓളം രാജ്യങ്ങളുമായി ഇന്ത്യ പ്രത്യേക വിമാനങ്ങൾക്കുളള കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾ തമ്മിൽ പ്രത്യേക അനുമതിയോടെ വിമാന സർവീസ് നടത്താവുന്നതാണ്.