രമ്യ ഹരിദാസിന് വിലക്ക് കല്‍പ്പിക്കാന്‍ സി.പി.എം ആര്: സംഭവത്തിൽ നടപടിയെടുക്കണം: കെ. സുധാകരന്‍

 

സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രമ്യ ഹരിദാസ് എം.പിക്ക് പിന്തുണയറിയിച്ച് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍. ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്‍പ്പിക്കാന്‍ സി.പി.എം ആരാണെന്നും കെ. സുധാകരന്‍ ചോദിച്ചു.

‘സി.പി.എമ്മില്‍ നിന്നും ഇതൊരു അത്ഭുതമായി എനിക്ക് തോന്നുന്നില്ല. ഇതിന് മുമ്പും രമ്യ ഹരിദാസ് എം.പിക്കെതിരെ വളരെ മോശമായി എത്രയോ തവണ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒരു പ്രദേശത്ത് അവിടുത്തെ എം.പിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്‍പ്പിക്കാന്‍ ഇവര്‍ ആര്. ഭയപ്പെടുത്തി നിശബ്ദയാക്കാന്‍ കഴിയില്ല.സംഭവത്തിൽ നടപടിയെടുക്കണമെന്ന് വളരെ കര്‍ക്കശമായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്’- കെ. സുധാകരന്‍.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആലത്തൂര് കയറിയാല്‍ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് രമ്യ ഹരിദാസ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍, നജീബ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ അതിനു മുതിരും എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.