ചികിത്സാ സൗകര്യം ആവശ്യത്തിനുണ്ടെന്ന് മുഖ്യമന്ത്രി; ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിർമാണം പുരോഗമിക്കുന്നു

സംസ്ഥാനത്ത് കൊവിഡ് ചികിത്സാ സൗകര്യം ആവശ്യത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശങ്ക വേണ്ടതില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പ്രകടമായി രോഗം ഇല്ലാത്തവരെയും നേരിയ രോഗം ഉള്ളവരെയും ഇവിടെ ചികിത്സിക്കും.

ജൂലൈ 19 വരെ 197 സി എഫ് എൽ ടി സികളിലായി 20,406 കിടക്കൾ ഉറപ്പാക്കിയിട്ടുണ്ട്. ജൂലൈ 23നകം 743 സിഎഫ്എൽടിസികൾ കൂടി തയ്യാറാകും. ഇതോടെ കിടക്കകളുടെ എണ്ണം 69,215 ആയി ഉയരും. എല്ലായിടത്തും രാവിലെ മുതൽ വൈകുന്നേരം വരെ ഒപിയും ടെലി മെഡിസിനും ലാൻഡ് ലൈനും ഇന്റർനെറ്റും ഉണ്ടാകും.

ഓരോയിടത്തും ആംബുലൻസ് ഉണ്ടാകും. ഐസോലേഷനിൽ ഉള്ളവർക്ക് ശുചിമുറിയുള്ള മുറി ലഭിക്കും. ഭക്ഷണവും വെള്ളവും ലഭ്യമാക്കും. ഫ്രണ്ട് ഓഫീസ്, ഡോക്ടർമാരുടെ മുറി, നഴ്‌സ് മുറി, ഫാർമസി തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കും.

കേരളത്തിൽ ആകെ ഒരു ടെസ്റ്റിംഗ് കേന്ദ്രമാണ് ഉണ്ടായിരുന്നത്. സർക്കാർ മേഖലയിൽ 59 എണ്ണവും സ്വകാര്യ മേഖലയിൽ 51 ടെസ്റ്റിംഗ് കേന്ദ്രങ്ങളും ഇപ്പോഴുണ്ട്. സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി കൊവിഡ് ഫീസ് നിശ്ചയിച്ചു. രണ്ട് സ്വാശ്രയ മെഡിക്കൽ കോളജുകൾ കൊവിഡ് ചികിത്സക്ക് മാത്രമായി വിട്ടുനൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു