Headlines

‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ’; പവന്‍ ഖേര

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ തള്ളി കോണ്‍ഗ്രസ്. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ബിജെപി നേതാവിനെ പോലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സംസാരിച്ചതെന്നും കുറ്റപ്പെടുത്തല്‍.

മഹാദേവപുരയില്‍ ഞങ്ങള്‍ വെളിപ്പെടുത്തിയ 1 ലക്ഷം വോട്ടര്‍മാരെക്കുറിച്ച് ഇലക്ഷന്‍ കമ്മിഷന്‍ എന്തെങ്കിലും പ്രതികരണം നടത്തിയോ. ഇന്ന് അദ്ദേഹം ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു – അദ്ദേഹം പറഞ്ഞു.

അടിസ്ഥാനപരമായി അവര്‍ വോട്ടുകള്‍ മോഷ്ടിച്ചു എന്ന് സമ്മതിക്കുകയാണെന്ന് അദ്ദേഹം സമ്മതിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അതിന്റെ ജോലി ചെയ്തിരുന്നുവെങ്കില്‍, മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട ആളുകളെ രാഹുല്‍ ഗാന്ധി എങ്ങനെ കണ്ടുമുട്ടി? – അദ്ദേഹം ചോദിച്ചു.

ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളുകയായിരുന്നു. കമ്മിഷന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആരോപിച്ചു. സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കില്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായി കണക്കാക്കുമെന്നും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു.