Headlines

സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട്; പരിസരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പത് ഡാമുകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കക്കി,മൂഴിയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍,ലോവര്‍ പെരിയാര്‍ , ഷോളയാര്‍ , പെരിങ്ങല്‍കുത്ത്, ബാണാസുര ഡാമുകളില്‍ റെഡ് അലര്‍ട്ട്. ഡാമുകളുടെ പരിസരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

അതേസമയം, അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉല്‍ക്കടലില്‍ ആന്ധ്ര ഒഡീഷ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് മഴ അതേ അളവില്‍ തുടരാന്‍ ഇടയാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് കണ്ണൂര്‍ കാസര്‍ഗോഡ് വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നത്. എറണാകുളം,ഇടുക്കി, തൃശൂര്‍,പാലക്കാട്, മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.