രോഗികളില്‍ 60 ശതമാനവും ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍; ആരില്‍ നിന്നും രോഗം പടരാം

സംസ്ഥാനത്തെ രോഗികളില്‍ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരെന്ന് മുഖ്യമന്ത്രി. ആരില്‍ നിന്നും രോഗം പകരാമെന്ന സ്ഥിതിയാണ്. രോഗലക്ഷണമുള്ളവരെ കണ്ടാല്‍ തിരിച്ചറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല.

ഓരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആരില്‍ നിന്നും രോഗം വന്നേക്കാം
ഒരാളില്‍ നിന്നും രണ്ട് മീറ്റര്‍ അകലം പാലിച്ച് സ്വയം സുരക്ഷിത വലയം തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പാക്കണം. ഈ സുരക്ഷിത വലയത്തില്‍ മാസ്‌ക് ധരിച്ചും സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചും കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം.

ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറയ്ക്കാനാകുന്നത് ജാഗ്രത കൊണ്ടുതന്നെയാണ്. ഈ ജാഗ്രതക്ക് നമ്മുടെ ജീവന്റെ വിലയുണ്ട്. അതിനാല്‍ ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു