തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് 3,000 രൂപ വരെയുള്ള സ്കോളോർഷിപ്പ് പദ്ധതി നടപ്പാക്കണമെന്നു ജുഡീഷൽ കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്തു.
പ്രൈമറി ക്ലാസുകളിൽ 1,000 രൂപ മുതൽ ഹൈസ്കൂൾ തലത്തിലെത്തുമ്പോൾ സ്കോളർഷിപ് തുക 3,000 രൂപയാക്കി ഉയർത്തണമെന്നും മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനായി നടപ്പാക്കേണ്ട ശിപാർശകളെക്കുറിച്ചു പഠിച്ച ജസ്റ്റീസ് എം.ആർ. ഹരിഹരൻ നായർ കമ്മീഷൻ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്ക വിദ്യാർഥികൾക്കു സർക്കാർ നൽകുന്ന സ്കോളർഷിപ്പിന് സാമൂഹിക പരിഷ്കർത്താക്കളായ ആർച്ച് ബിഷപ് മാർ ഈവാനിയോസ്, മന്നത്ത് പത്മനാഭൻ, ചട്ടമ്പി സ്വാമി, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ പേരു നൽകണം. കൂടുതൽ പേരുകൾ നിർദേശിക്കാൻ ബന്ധപ്പെട്ട സംഘടനകൾക്കും അവസരം ഒരുക്കണം.
പ്രഫഷണൽ യോഗ്യത നേടിയ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിലെ തൊഴിൽ രഹിതർക്ക് സ്റ്റാർട്ട് അപ് സംരംഭങ്ങൾ തുടങ്ങാൻ 10 ലക്ഷം രൂപ വരെ അനുവദിക്കണം. സ്ത്രീകൾക്കുള്ള സ്റ്റാർട്ട് അപ്പിന് പലിശ നിരക്ക് കുറയ്ക്കണം. വിദേശ പഠനത്തിനു സ്കോളർഷിപ്പായി 10 ലക്ഷം രൂപ അനുവദിക്കണം.
ഹയർസെക്കൻഡറി അധ്യാപക യോഗ്യതാ പരീക്ഷകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാരെ (ഇഡബ്ല്യുഎസ്)നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിലെ വൈരുധ്യം നീക്കി ഏകീകരിക്കണം. ഇതു സംബന്ധിച്ച ഉത്തരവുകളിലെ അപാകത നീക്കണം. എല്ലാ സർക്കാർ അംഗീകൃത കോഴ്സുകൾക്കും ഇഡബ്ല്യുഎസ് സംവരണം ഉറപ്പാക്കണം.
മുന്നാക്ക വിഭാഗ കമ്മീഷന്റെ കാലാവധി അഞ്ചു വർഷമാക്കണം. സമുന്നതിയുടെ ബജറ്റ് വിഹിതം 100 കോടി രൂപയായി വർധിപ്പിക്കണം. സമുന്നതിക്ക് കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ മേഖലാ ഓഫിസുകൾ ആരംഭിക്കണം.
മുന്നാക്ക വിഭാഗങ്ങളുടെ ജീർണാവസ്ഥയിലായ വീടുകൾ നവീകരിക്കാൻ സമുന്നതി വഴി 10 കോടി രൂപ നൽകണം. മംഗല്യ സമുന്നതി പദ്ധതിക്കായി തുക നീക്കിവയ്ക്കണം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സ്വയം തൊഴിൽ വായ്പ അനുവദിക്കണം. നബാർഡിൽ നിന്നുള്ള മൈക്രോ ഫിനാൻസിംഗ് വായ്പയ്ക്ക് അമിത പലിശ ഈടാക്കുന്നത് തടയണം. കടാശ്വാസ പദ്ധതികൾ മുന്നാക്ക വിഭാഗക്കാർക്കു മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പാക്കണം.
വനിതാ വികസന കോർപറേഷൻ മുന്നാക്ക വിഭാഗ വനിതകൾക്ക് നൽകുന്ന വായ്പ 10 ലക്ഷം രൂപയാക്കണം. വിദേശത്തു ജോലി നഷ്ടപ്പെട്ട് മടങ്ങി എത്തുന്നവർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുമ്പോൾ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കും മുൻഗണന നൽകണം.