ഇന്ത്യന്‍ നിന്നും യു.എ.ഇയിലേക്ക് വിലക്കേര്‍പെടുത്തിയിട്ട് നൂറ് ദിനം പിന്നിട്ടിരിക്കെ പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാനുള്ള വഴി തുറക്കുകയാണ്. വ്യാഴാഴ്ച മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു. എന്നാല്‍, അധികൃതരുടെ അനുമതിക്കായി അപേക്ഷിച്ചവരില്‍ ഭൂരിപക്ഷവും ആഗസ്റ്റ് ഏഴ് മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
ഈ സമയത്തിനുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഒറ്റ ദിവസംകൊണ്ട് ടിക്കറ്റ് നിരക്ക് ഇരട്ടിയായി. ചൊവ്വാഴ്ച രാവിലെ 750 ദിര്‍ഹം (15,000 രൂപ) ആയിരുന്ന ടിക്കറ്റ് നിരക്ക് വൈകീട്ടോടെ 2000 ദിര്‍ഹം (40,000 രൂപ) കടന്നു.
ആര്‍ക്കൊക്കെ മടങ്ങാം?
യു.എ.ഇയില്‍ താമസവിസയുള്ളവര്‍ക്ക്. സന്ദര്‍ശകവിസക്കാര്‍ക്ക് അനുമതിയില്ല. താമസവിസയുടെ കാലാവധി കഴിഞ്ഞവര്‍ക്കും അനുമതി ലഭിക്കില്ല. എന്നാല്‍, ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ വിസ, സില്‍വര്‍ വിസ, പാര്‍ട്ണര്‍ഷിപ് വിസ, നിക്ഷേപക വിസ എന്നിവയുള്ളവര്‍ക്ക് നേരത്തെ അനുമതിയുണ്ട്.
ഏതൊക്കെ വാക്സിന് അനുമതി ലഭിക്കും?
യു.എ.ഇയില്‍നിന്ന് വാക്സിനെടുത്തശേഷം നാട്ടിലെത്തിയവര്‍ക്ക് മാത്രമാണ് യാത്രാനുമതി. രണ്ടാം ഡോസ് എടുത്തശേഷം 14 ദിവസം പൂര്‍ത്തിയാക്കിയിരിക്കണം. സിനോഫാം, ഫൈസര്‍, ആസ്ട്രാസനഗ, സ്പുട്നിക് എന്നിവയാണ് യു.എ.ഇയില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍, യു.എ.ഇക്ക് പുറത്തുള്ള രാജ്യങ്ങളില്‍നിന്ന് ഈ വാക്സിന് എടുത്തവര്‍ക്ക് യാത്രാനുമതിയില്ല. കുട്ടികള്‍ക്ക് യു.എ.ഇയില്‍ വാക്സിനേഷന് നിര്‍ബന്ധമല്ല. മാതാപിതാക്കള്‍ക്കൊപ്പം കുട്ടികള്‍ക്കും എത്താം എന്ന നേരത്തെയുള്ള അറിയിപ്പില്‍ മാറ്റം വന്നിട്ടില്ല.
വാക്സിനേഷന് നിര്‍ബന്ധമില്ലാത്തവര്‍ ആരൊക്കെ?
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യമേഖലയിലെ ടെക്നീഷ്യന്, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ (സ്കൂള്‍, കോളജ്, യൂനിവേഴ്സിറ്റി), യു.എ.ഇയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, യു.എ.ഇ ഫെഡറല്‍- ലോക്കല്‍ സര്‍ക്കാര്‍ ജീവനക്കാര്‍, ചികിത്സ അത്യാവശ്യമുള്ളവര്‍, ഗോള്‍ഡന്‍ വിസക്കാര്‍, സില്‍വര്‍ വിസക്കാര്‍.
ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് യാത്ര ചെയ്യാമോ?
യാത്ര െചയ്യാം. യു.എ.ഇയിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ട്രാന്‍സിറ്റ് വിസക്കാര്‍ 72 മണിക്കൂറിനുള്ളിലെടുത്ത പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. എത്തേണ്ട രാജ്യത്തിെന്റ അനുമതി നേടിയിരിക്കണം. കൃത്യമായ രേഖകള്‍ ഇെല്ലങ്കില്‍ സ്വന്തം നാട്ടിലേക്ക് മടക്കിയയക്കും. എത്തേണ്ട രാജ്യത്തെ വാക്സിനേഷന് നിബന്ധന പാലിക്കണം.