പ്രവാസികൾക്ക് വിമാനത്താവളങ്ങളിൽ വെച്ച് തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തും

വിദേശ നാടുകളിൽ നിന്ന് വിമാനത്താവളങ്ങളിലെത്തുന്നവർക്ക് അവിടെ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് അധിക സുരക്ഷാ നടപടിയാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ ഉണ്ടാക്കിയ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്റി ബോഡികളാണ് പരിശോധിക്കുന്നത്.

ഐജിഎം ഐജിജി ആന്റിബോഡികൾ കണ്ടെത്തിയാൽ പിസിആർ ടെസ്റ്റ് കൂടി നടത്തും. ആന്റി ബോഡി ടെസ്റ്റിൽ നെഗറ്റീവാകുന്നവർക്ക് പിന്നീട് കൊവിഡ് ഉണ്ടായിക്കൂടെന്നില്ല. അതിനാൽ അവരും സമ്പർക്ക വിലക്കിൽ ഏർപ്പെടണം. രോഗവ്യാപനം തടയാൻ പ്രവാസികളുടെ സന്നദ്ധത മാത്രം മതിയാകില്ല. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ കൂടുതൽ ആത്മാർഥമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണം

വിദേശത്ത് നിന്ന് വരുന്നവർ നേരെ വീട്ടിലേക്ക് പോകണം. ബന്ധുവീടുകൾ സന്ദർശിക്കാൻ പോകരുത്. വിമാനത്താവളത്തിലെ നടപടിക്രമം പൂർത്തിയാക്കാനും സമയമെടുക്കും. വിമാനത്താവളത്തിൽ തിരക്കും അനുഭവപ്പെടും. യാത്രക്കാർ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. അവിടെ ഹോട്ടൽ ഭക്ഷണത്തിന് അമിത വില ഈടാക്കരുത്. സിയാൽ വിമാനത്താവളത്തിൽ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. പ്രവാസികളെ സ്വീകരിക്കാനായി ആരും പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു