ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ തന്നെ നിരീക്ഷിച്ച് ചികിത്സിക്കാനുള്ള സാധ്യതകൾ സർക്കാർ തേടുന്നു. കൊവിഡ് കേസുകൾ സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സാധ്യത തേടുന്നത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ട് ദിവസവും കൊവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നിരുന്നു. ഇന്നലെ മാത്രം പ്രതിദിന കണക്ക് 152ൽ എത്തിയിരുന്നു. ആഗസ്റ്റ് മധ്യത്തോടെ കേരളത്തിലെ കൊവിഡ് കേസുകൾ പന്ത്രണ്ടായിരത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. നിലവിൽ തുടർച്ചയായി 300ഓളം പേരെയാണ് ദിനംപ്രതി പുതുതായി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്.
രോഗികൾ വർധിച്ചാൽ ആശുപത്രികൾ നിറഞ്ഞു കവിയുന്നത് ഒഴിവാക്കാനാണ് മുൻകൂട്ടിയുള്ള ഒരുക്കം. കൊവിഡ് ഗുരുതരമായി ബാധിക്കാവുന്നത് 3 മുതൽ 5 ശതമാനം പേരെ മാത്രമാണ്. ആശുപത്രികളിൽ ഇവർക്ക് മാത്രമാകും മുൻഗണന. 60 ശതമാനം പേർക്കും ലക്ഷണമില്ലാത്തതിനാൽ അധികം പേരെയും വീടുകളിൽ തന്നെ ചികിത്സിക്കാനാകും.

 
                         
                         
                         
                         
                         
                        