കോവിഡ് കാലത്തെ പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേരള സർക്കാർ മുന്നോട്ടുവെച്ച കരുതൽ നടപടികളെ അഭിനന്ദിച്ച് വിദേശകാര്യ മന്ത്രാലയം. വൈറസ് വ്യാപനം തടയാൻ ശ്രമിക്കുന്നതിനായി സ്വീകരിക്കുന്ന സമീപനത്തിന്റെ അടിസ്ഥാനത്തിൽ കേരളാ സർക്കാരിനെ അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അയച്ച കത്തിൽ പറയുന്നു
ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്തക്ക് അയച്ച കത്തിലാണ് അഭിനന്ദനം. പ്രവാസികളുടെ കൊവിഡ് പരിശോധന, മടങ്ങിവരുമ്പോൾ പിപിഇ കിറ്റ് ധരിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയിലാണ് അഭിനന്ദനം.
എൻ 95 മാസ്‌ക്, ഫെയ്സ് ഷീൽഡ്, ഹാൻഡ് ഗ്ലൗസുകൾ തുടങ്ങിയവ ധരിക്കാൻ നിർദേശിച്ചത് അടക്കമുള്ള സർക്കാർ നിർദേശിച്ച നടപടികൾ രോഗവ്യാപനത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് സഞ്ജയ് ഭട്ടാചാര്യ അയച്ച കത്തിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികൾക്കായി ഏർപ്പെടുത്തിയ ഉപാധികൾ വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ നടപ്പാക്കില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ കേരളത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും സംസ്ഥാന സർക്കാരിന് വിമാന കമ്പനികളുമായി നേരിട്ട് ബന്ധപ്പെടാമെന്നുമാണ് മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നത്.