◼️വാഹന നികുതി കൂട്ടി. ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും വര്‍ധിപ്പിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് നിരക്കുവര്‍ധന. യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ക്കും നാടിന്റെ വികസനത്തിനും വഴിവയ്ക്കുന്ന ഐടി പാര്‍ക്കുകളും ഐടി ഇടനാഴികളും സയന്‍സ് പാര്‍ക്കുകളും ബജറ്റില്‍ വിഭാവനം ചെയ്യുന്നു. ഭവനരഹിതര്‍ക്ക് ലൈഫ് വഴി 1,06,000 വീടുകള്‍. ആരോഗ്യമേഖലയ്ക്ക് 2629.33 കോടി രൂപ. വിലക്കയറ്റം തടയുന്നതിന് 2000 കോടി രൂപ. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കലിനും രണ്ടായിരം കോടി രൂപ വീതം. നാല് ഐടി ഇടനാഴികള്‍ക്കും നാലു സയന്‍സ് പാര്‍ക്കുകള്‍ക്കും തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിനും കെഎസ്ആര്‍ടിസിക്കും ആയിരം കോടി രൂപ വീതം. സര്‍വ്വകലാശാല ക്യാംപസുകളോടനുബന്ധിച്ച് പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ യൂണിറ്റ് ആരംഭിക്കാന്‍ 200 കോടി രൂപ. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 12,913 കോടി കോടി രൂപയും ബജറ്റില്‍ നീക്കിവച്ചു.
◼️രണ്ടു ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടും. ഇതുവഴി പ്രതിവര്‍ഷം 60 കോടിയുടെ വരുമാനമുണ്ടാക്കും. പഴയ വാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി. മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടി. ടൂറിസം മേഖലയിലുള്ള കാരവന്‍ വാഹനങ്ങളുടെ നികുതി കുറച്ചു. ഭൂനികുതി വര്‍ധിപ്പിക്കുകയും ഭൂമിയുടെ ന്യായവില പത്തു ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു.
◼️സംസ്ഥാന ബജറ്റില്‍ പ്രതീക്ഷിക്കുന്ന റവന്യൂ കമ്മി 22,968.09 കോടി രൂപയുടേതാണ്. പൊതുകടം 27,856.03 കോടി രൂപ. മൊത്തം കടബാധ്യത 2,96,900 കോടി രൂപയായി. റവന്യൂ വരവ് 1,34,097.80 കോടി രൂപയാണ്. റവന്യൂ ചെലവ് 1,57,065.89 കോടി രൂപയും. പുതുതായി 602 കോടി രൂപയുടെ അധിക നികുതിയാണ് ബജറ്റിലുള്ളത്. ബജറ്റിലെ നിര്‍ദേശങ്ങളും സാമ്പത്തിക സൂചികയും തമ്മില്‍ ബന്ധിപ്പിക്കുന്നില്ലെന്ന പരാതിയുണ്ട്.
◼️സംസ്ഥാന ബജറ്റിലെ മൂന്നു നിര്‍ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കപ്പ ഉപയോഗിച്ച് മദ്യമുണ്ടാക്കുമെന്ന വാഗ്ദാനമാണ് തരംഗമായ ഒരു നിര്‍ദേശം. യുദ്ധത്തിനെതിരായ സമാധാന സെമിനാറിന് രണ്ടു കോടി രൂപ നീക്കിവച്ചതാണ് മറ്റൊരു നിര്‍ദേശം. സംസ്ഥാന ലോട്ടറിയിലൂടെ സമ്മാനമായി ലഭിക്കുന്ന വന്‍ തുക എങ്ങനെ ചെലവാക്കാമെന്നു പരിശീലനം നല്‍കുമെന്ന വാഗ്ദാനവും സോഷ്യല്‍ മീഡിയയില്‍ ചിരിയമിട്ടു പൊട്ടിച്ചു.
◼️കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ഗ്രൂപ്പ് 23 നേതാക്കള്‍. ഗാന്ധി കുടുംബം മാറിനില്‍ക്കണമന്നാണ് ഡല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന ജി 23 നേതാക്കളുടെ യോഗം ആവശ്യപ്പെട്ടത്. അശോഹ് ഗെഹ്ലോട്ടിനെയോ ഖാര്‍ഗെയെയോ നേതൃസ്ഥാനമേല്‍പ്പിക്കണം. ജനറല്‍ സെക്രട്ടറി കെ വേണുഗോപാലും മാറണം.
പ്രവര്‍ത്തക സമിതി അടിയന്തരമായി വിളിക്കണം. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നിവരടക്കം പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു.
◼️മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് ഐഎസ് ഖൊറാസന്‍ പ്രവിശ്യയുടെ മുഖപത്രം. മലപ്പുറം സ്വദേശിയായ നജീബ് അല്‍ ഹിന്ദി എന്ന 23 കാരനാണു കൊല്ലപ്പെട്ടത്. കേരളത്തില്‍ എംടെക് വിദ്യാര്‍ത്ഥിയായിരിക്കേ 2017 ലാണ് ഇന്ത്യ വിട്ടത്. പാകിസ്ഥാന്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് യുവാവ് ചാവേറായി പൊട്ടിത്തെറിച്ചതെന്ന് ഐഎസ് ഖൊറാസന്‍ പ്രവിശ്യയുടെ മുഖപത്രം വ്യക്തമാക്കുന്നു.
◼️കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് മേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തി. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാല്‍ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകള്‍ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയില്‍ പെട്ടത്. ആയുധധാരികളായ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. കേളകം പൊലീസ് യു എ പി എ ചുമത്തി കേസെടുത്തു. മാവോയിസ്റ്റ് നേതാവ് മൊയ്തീന്‍ സംഘത്തിലുണ്ടായിരുന്നെന്ന് സൂചന.
◼️ബസ് സമരം തീരുമാനിക്കാന്‍ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍ ചേരും.
◼️രാജ്യസഭ സീറ്റിനായി സമ്മര്‍ദ്ദവുമായി പ്രഫ. കെ.വി തോമസ്. എഐസിസി ആസ്ഥാനത്തെത്തി താരിഖ് അന്‍വറുമായി തോമസ് കൂടിക്കാഴ്ച നടത്തി.
◼️ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ പ്രതികളായ റോയി വയലാട്ടില്‍, സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
◼️റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ റോഡില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ സ്വദേശി അജയകുമാര്‍ എന്ന ബേബിക്കുട്ടനാണ് മരിച്ചത്. ബൈക്കിലെത്തിയ അജയകുമാര്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
◼️കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മാര്‍ച്ച് രണ്ടിനായിരുന്നു പഴമ്പാലക്കോട് അമ്പലത്തിനു സമീപമുണ്ടായ അടിപിടിയില്‍ അരുണ്‍ കുമാറിനു കുത്തേറ്റത്. സംഭവത്തില്‍ കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലു പേര്‍ ഇന്നലെ കീഴടങ്ങിയതായും സൂചനയുണ്ട്.
◼️വിഴിഞ്ഞത്ത് കടലില്‍ കുളിക്കെവെ ചുഴിയില്‍ പെട്ട് മുങ്ങിപ്പോയ മൂന്ന് കുട്ടികളില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. വിഴിഞ്ഞം ടൗണ്‍ഷിപ്പില്‍ ഉബൈദ് റഹ്‌മാന്റെ മകന്‍ മെഹ്റൂഫ് (13) , നിസാമുദീന്‍ – ഫാത്തിമകണ്ണ് ദമ്പതികളുടെ മകന്‍ നിസാര്‍ (12) എന്നിവരാണ് മരിച്ചത്. ഹാര്‍ബര്‍ കപ്പച്ചാലില്‍ പീരുമുഹമ്മദിന്റെ മകന്‍ സുഫിയാനാണ് ആശുപത്രിയിലുള്ളത്.
◼️പത്തടി ഉയരമുള്ള ട്രോഫി. ഈ ട്രോഫി ആര്‍ക്കു കിട്ടും? ആലപ്പുഴ ജില്ലയിലെ അരീപ്പറമ്പില്‍ ഇന്നും നാളേയും നടക്കുന്ന ക്രിക്കറ്റ് മല്‍സരത്തിലെ ജേതാക്കള്‍ക്കുള്ളതാണ് ഈ ട്രോഫി. ഇളക്കി മാറ്റാവുന്ന മൂന്ന് ഭാഗങ്ങളുള്ള ട്രോഫിയുടെ അടിഭാഗം ഉയര്‍ത്തണമെങ്കില്‍ രണ്ടുമൂന്നു പേരെങ്കിലും വേണം. ചെത്തിക്കാട്ട് സിവി ബ്രദേഴ്സ് ആണ് ട്രോഫി സ്പോണ്‍സര്‍ ചെയ്തത്. തൃശൂര്‍ ജില്ലയിലെ കുന്നംകുളം സ്വദേശിയായ ജയിംസാണ് ഈ ട്രോഫി നിര്‍മ്മിച്ചത്.
◼️സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 26 മുതലാണ് പരീക്ഷ. രാവിലെ പത്തര മുതല്‍ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക. കൂടുതല്‍ വിശദാംശങ്ങള്‍ സിബിഎസ്ഇ വെബ്‌സൈറ്റില്‍. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 15 നും അവസാനിക്കും.
◼️പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മന്‍ മാര്‍ച്ച് പതിനാറിനു സത്യപ്രതിജ്ഞ ചെയ്യും. നാളെ അമൃത്സറില്‍ വന്‍ റോഡ് ഷോ നടത്തും. റോഡ് ഷോയിലും സത്യപ്രതിജ്ഞാ ചടങ്ങിലും അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കും. സത്യപ്രതിജ്ഞ രാജ്ഭവനിലല്ല, ഭഗത് സിംഗിന്റെ ഗ്രാമത്തിലായിരിക്കുമെന്നുമെന്നു ഭഗവന്ത് മാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബില്‍ ആകെയുള്ള 117 സീറ്റില്‍ 92 ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി ഭരണത്തിലെത്തിയത്. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് വെറും 18 സീറ്റിലേക്ക് ഒതുങ്ങി.
◼️ഗോവയില്‍ ബിജെപി നേതാവ് പ്രമോദ് സാവന്ദ് തന്നെ മുഖ്യമന്ത്രിയായേക്കും. മുന്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയുടെ പേരും ചര്‍ച്ചയിലുണ്ടായിരുന്നു.
◼️ഉത്തര്‍പ്രദേശില്‍ ഹോളിക്കു മുന്‍പേ രണ്ടാം യോഗി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കം പത്തു മന്ത്രിമാര്‍ തോറ്റ സാഹചര്യത്തില്‍ നിരവധി പുതുമുഖങ്ങള്‍ മന്ത്രിസഭയില്‍ ഇടം പിടിക്കും.
◼️ഉത്തരാഖണ്ഡില്‍ ഒരു പുതുമുഖത്തെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി. തെരഞ്ഞെടുപ്പില്‍ തോറ്റ പുഷ്‌കര്‍ സിങ് ധാമിക്ക് വീണ്ടും അവസരം നല്‍കേണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. അതേസമയം മണിപ്പൂരില്‍ ബിരേന്‍ സിംഗ്തന്നെ തുടരും.
◼️പാര്‍ട്ടി തലപ്പത്ത് ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാന്‍ സാധ്യമല്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ നേതൃത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധ ശബ്ദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◼️ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. മറ്റൊരു പൈലറ്റ് പരിക്കുകളോടെ ചികിത്സയിലാണ്. ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നത്.
◼️പാക്കിസ്ഥാനിലേക്ക് ഇന്ത്യ അബദ്ധത്തില്‍ മിസൈല്‍ തൊടുത്തു. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അറ്റകുറ്റപ്പണിക്കിടെയാണ് അബദ്ധത്തില്‍ മിസൈല്‍ പാക്കിസ്ഥാനിലേക്കു കുതിച്ചതെന്നാണു വിശദീകരണം. പാക്കിസ്ഥാനിലെ ആള്‍പാര്‍പ്പില്ലാത്ത മേഖലയിലാണ് മിസൈല്‍ പതിച്ചത്.
◼️റിയാദ് പെട്രോളിയം സംസ്‌കരണ ശാലയ്ക്കുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ റിഫൈനറിയില്‍ അഗ്‌നിബാധയുണ്ടായെങ്കിലും ഉടനേ നിയന്ത്രണ വിധേയമാക്കി.
◼️റഷ്യന്‍ സേന യുക്രെയിന്‍ തലസ്ഥാനമായ കീവ് നഗരത്തിനു തൊട്ടരികില്‍ എത്തി. വോള്‍നോവാഹ നഗരത്തിന്റെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തു.
◼️യുക്രെയിനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. വിശദാംശങ്ങള്‍ പുറത്തുവിടാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◼️ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. കരുത്തരായ ജംഷേദ്പുര്‍ എഫ്.സിയെയാണ് മഞ്ഞപ്പട മറികടന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് മഞ്ഞപ്പടയ്ക്കായി വലകുലുക്കിയത്.
◼️കേരളത്തില്‍ ഇന്നലെ 27,093 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1,175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 10,511 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ മൂവായിരത്തനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 40,560 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനേഴ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 6 കോടി കോവിഡ് രോഗികള്‍.
◼️യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് കുതിച്ചു. ഇന്ധനം, ഭക്ഷണം, പ്രോപ്പര്‍ട്ടി തുടങ്ങിയ മേഖലകളിലുണ്ടായ വിലവര്‍ധനവാണ് ഫെബ്രുവരിയിലെ പണപ്പെരുപ്പം ഇത്രയും ഉയരത്തിലെത്തിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ആഘാതം വരുമാസങ്ങളിലും വിലക്കയറ്റം രൂക്ഷമാക്കും. യുഎസിലെ തൊഴില്‍ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഫെബ്രുവരിയിലെ വാര്‍ഷിക വിലക്കയറ്റം 7.9ശതമാനമാണ്. ജനുവരിയില്‍ 7.5 ശതമാനമായിരുന്നു. വിലക്കയറ്റ സമ്മര്‍ദം ചെറുക്കുന്നതിന് 2018നുശേഷം ഇതാദ്യമായി യുഎസിലെ കേന്ദ്ര ബങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ചയോടെ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◼️ഫെബ്രുവരിയില്‍ ഓഹരി ഫണ്ടുകളിലെ നിക്ഷേപം വര്‍ധിച്ചുവെങ്കിലും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലെ (എസ്ഐപി) നിക്ഷേപത്തില്‍ കുറവ്. പുതിയ ഡീമാറ്റ് എക്കൗണ്ടുകളുടെ എണ്ണത്തിലും കുറവുണ്ട്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ടസ് ഇന്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 2.34 ദശലക്ഷം പുതിയ എസ്ഐപി എക്കൗണ്ടുകളാണ് ഫെബ്രുവരിയില്‍ തുറന്നത്. അതേസമയം ജനുവരിയില്‍ 2.65 ദശലക്ഷം എക്കൗണ്ടുകള്‍ തുറന്നിരുന്നു. എസ്ഐപി വഴിയുള്ള നിക്ഷേപം ഫെബ്രുവരിയില്‍ 11438 കോടി രൂപയാണ്. ജനുവരിയില്‍ 11517 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 24.54 ദശലക്ഷം പുതിയ എസ്ഐപി എക്കൗണ്ടുകളാണ് തുറന്നത്. കാലാവധി പൂര്‍ത്തിയാക്കിയതോ നിക്ഷേപം പാതിയില്‍ നിര്‍ത്തിയതോ ആയ എക്കൗണ്ടുകളുടെ എണ്ണം 10.06 ദശലക്ഷമാണ്. എസ്ഐപി വഴി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി ഫെബ്രുവരിയില്‍ 2.49 ലക്ഷം കോടി രൂപയാണ്. അതേസമയം ജനുവരിയില്‍ 5.76 ലക്ഷം കോടി രൂപയായിരുന്നു.
◼️തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ. സെന്നയുടെ പുതിയ ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മമ്മൂട്ടിയും മോഹന്‍ലാലുമാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ കൗതുകം പകരുന്ന ഒന്നാണ്. ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസ് ആണ് നായിക. കോമഡി ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും അഭിനയിക്കുന്നു.
◼️മൂന്ന് വര്‍ഷത്തിനു മുന്‍പെത്തിയ യാത്രയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ പ്രതിനായകനാണ് മമ്മൂട്ടി. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഈ വര്‍ഷം ഓഗസ്റ്റ് 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. അഖില്‍ അക്കിനേനി പ്രത്യക്ഷപ്പെടുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പട്ടാള ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രം. പുതുമുഖം സാക്ഷി വൈദ്യയാണ് നായിക.
◼️ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, പുതിയ 2022 എംജി ഇസെഡ്എസ് ഇവി വിറ്റുതീര്‍ന്നതായി ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഇലക്ട്രിക് എസ്യുവിയുടെ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് വന്‍ പ്രതികരണമാണ് നേടിയത്. വാഹനത്തിനുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് കമ്പനി താല്‍ക്കാലികമായി നിര്‍ത്തി. വാഹന വില എക്സൈറ്റ് വേരിയന്റ് – 2022 ജൂലൈ മുതല്‍ 21,99,800 രൂപയും എക്‌സ്‌ക്ലൂസീവ് വേരിയന്റ് – 2022 മാര്‍ച്ച് 7 മുതല്‍ 25,88,000 രൂപയുമാണ്.
◼️ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള കുട്ടികളില്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരില്‍ വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക. കുട്ടികളുടെ ആസ്വാദനത്തിന് തടസ്സം നില്‍ക്കുന്ന ചില പദങ്ങളും പ്രയോഗങ്ങളും മാറ്റിക്കൊണ്ടാണ് ഈ കഥകള്‍ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. ‘പാശുപതം’. ഇ സന്തോഷ് കുമാര്‍. ഡിസി ബുക്സ്. വില 170 രൂപ.
◼️ഡോക്ടറുടെ നിര്‍ദേശമില്ലാതെ പെയിന്‍ കില്ലേഴ്‌സ് കഴിക്കുന്നത് ചെറുതും വലുതുമായ പല പാര്‍ശ്വഫലങ്ങളിലേക്കും നമ്മെയെത്തിക്കാം. പതിവായി പെയിന്‍ കില്ലേഴ്‌സ് കഴിക്കുന്നവരില്‍ ക്രമേണ വൃക്കയുടെ പ്രവര്‍ത്തനം പ്രശ്‌നത്തിലാകാം. വല്ലപ്പോഴും എന്ന നിലയിലാണ് കഴിക്കുന്നതെങ്കില്‍ പൂര്‍ണ്ണ ആരോഗ്യവാനായ/ ആരോഗ്യവതിയായ ഒരാളെ പെയിന്‍ കില്ലേഴ്‌സ് അത്ര മോശമായി ബാധിക്കില്ല. ദീര്‍ഘകാലത്തേക്ക് പതിവായി പെയിന്‍ കില്ലേഴ്‌സ് കഴിക്കുന്നുണ്ടെങ്കില്‍, വിശേഷിച്ചും മറ്റ് പല മരുന്നുകളുടെയും കോംബിനേഷനായി കഴിക്കുന്നുണ്ടെങ്കില്‍ അത് ഗുരുതരമായ രീതിയില്‍ വൃക്കയെ ബാധിക്കാം. പ്രായമായവര്‍, പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ എന്നിവര്‍ സാധാരണനിലയില്‍ നിന്നും അധികമായി ഇതിന്റെ വെല്ലുവിളികള്‍ നേരിടുകയും ചെയ്‌തേക്കാം. അവരില്‍ പിന്നീട് വൃക്കയുടെ പ്രവര്‍ത്തനം ഇതുമൂലം നിലച്ചുപോകാനുള്ള സാധ്യത വരെ കാണുന്നു. ഈ മരുന്നുകള്‍ വൃക്കയെ ബാധിച്ചുതുടങ്ങുമ്പോള്‍ ക്രിയാറ്റിനിന്‍ അളവ് കൂടുതലായി വരുന്നു. നേരത്തേ വൃക്കരോഗമുള്ളവരാണെങ്കില്‍ അവരില്‍ ഇതോടെ പ്രശ്‌നം അധികരിക്കാനുള്ള സാധ്യതകളും ഏറെയാണ്. ശരീരത്തില്‍ പൊട്ടാസ്യം അളവ് വര്‍ധിപ്പിക്കുന്നതിനും പെയിന്‍ കില്ലേഴ്‌സ് കാരണമാകാറുണ്ട്. ഇത്തരത്തില്‍ വൃക്കയെ മരുന്നുകള്‍ ബാധിച്ചുവെന്നതിന് ആദ്യഘട്ടത്തില്‍ ശരീരം കാര്യമായ സൂചനകള്‍ നല്‍കാതെയിരിക്കാം. മിക്കപ്പോഴും മറ്റെന്തെങ്കിലും കാരണങ്ങള്‍ക്കായി പരിശോധന നടത്തുമ്പോഴാണ് ഇക്കാര്യം വ്യക്തമാവുക. എന്നാല്‍ പിന്നീട് ശ്വാസതടസം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, ശരീരത്തില്‍ പലയിടങ്ങളിലായി നീര് എന്നിവയെല്ലാം ഇതിന്റെ ലക്ഷണമായി വരാം.
*ശുഭദിനം*
അങ്ങ് ദൂരെയുള്ള ഗ്രാമത്തില്‍ നിധിയുടെ നിക്ഷേപമുണ്ടെന്ന് അറിഞ്ഞ് ഒരു കൂട്ടം ആളുകള്‍ യാത്രചെയ്യുകയാണ്. ജ്ഞാനിയായ ഒരു വയോധികനാണ് അവരുടെ വഴികാട്ടി. മലനിരകളും മരുഭൂമികളും കടന്ന് ഏറെ ദൂരം നടന്നെങ്കിലും അവര്‍ക്ക് അവിടെയെത്താനായില്ല. ക്ഷീണിതരായ യാത്രികര്‍ യാത്രതുടരാന്‍ വിസമ്മതിച്ചു. അപ്പോള്‍ വയോധികന്‍ പറഞ്ഞു: തൊട്ടടുത്തുള്ള പട്ടണത്തില്‍ വിശ്രമിച്ച് നമുക്ക് യാത്ര തുടരാം. അങ്ങനെ തൊട്ടടുത്ത പട്ടണത്തില്‍ അവര്‍ വിശ്രമിച്ചു. കൂടുതല്‍ ഉത്സാഹത്തോടെ യാത്ര തുടര്‍ന്നു. അല്‍പം നീങ്ങിക്കഴിഞ്ഞ് പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ആ പട്ടണം അപ്രത്യക്ഷമായിരുന്നു. അപ്പോഴാണ് അവര്‍ക്ക് മനസ്സിലായത്. തങ്ങളെ ഊര്‍ജ്ജസ്വലരാക്കാന്‍ ഗുരു തന്റെ അത്ഭുതസിദ്ധിയുപയോഗിച്ച് സൃഷ്ടിച്ച പട്ടണമായിരുന്നു അതെന്ന്. എല്ലാ ഓട്ടവും ഒറ്റത്തവണകൊണ്ട് ഓടിത്തീരില്ല. ഓടേണ്ട ദൂരത്തിനും ഓടുന്ന വഴിയുടെ സ്വഭാവത്തിനുമനുസരിച്ച് യാത്രഘട്ടങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാകും. എല്ലാ ഓട്ടങ്ങളും ഓട്ടമത്സരങ്ങളല്ലല്ലോ… തനതു ലക്ഷ്യങ്ങള്‍ തേടിയുള്ള യാത്രയ്ക്ക് വിശ്രമവും, വിനോദവും, വിവേകപൂര്‍ണ്ണമായ തീരുമാനങ്ങളും ആവശ്യമാണ്. ഓരോ വിശ്രമകേന്ദ്രങ്ങളും കൈമാറുന്ന ചില ഉപഹാരങ്ങളുണ്ട്. അത് തളര്‍ന്ന മനസ്സിനെ ഉന്മേഷഭരിതമാക്കും. മറികടക്കാനുളള കടമ്പകള്‍ക്ക് ശുഭാപ്തിവിശ്വാസം നല്‍കും. ശരിയായ ഇടവേളകളില്‍ ഊര്‍്ജ്ജദായകമായ ഇടങ്ങള്‍ നമുക്കും കണ്ടെത്താം. നമുക്കും വിശ്രമിച്ച് യാത്രകള്‍ തുടരാം