മെക്‌സിക്കോ, യുഎസ്എ, കാനഡ് എന്നീ രാജ്യങ്ങളിലായി ജൂണ്‍ പന്ത്രണ്ട് മുതല്‍ നടാക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോളില്‍ ടീമിനെ പങ്കെടുപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഫിഫ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും.
ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുന്നത് സംബ ന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ ഫിഫ പ്രതിനിധികളെ കാണാ നൊരുങ്ങുന്നു. ഫിഫ സെക്രട്ടറി ജനറല്‍ മാത്യാസ് ഗ്രാഫസ്‌ട്രോമാണ് ഇറാനിയന്‍ പ്രതിനിധികളെ ഫിഫ ആസ്ഥാനത്തേക്ക് ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 20ന് മുന്‍പായി തമ്മില്‍ കണ്ട് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് നിര്‍ദേശം വെച്ചിരിക്കുന്നത്. ഇസ്രായേലും അമേരിക്കയുമായുള്ള സായുധ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ്എയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇറാന്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കളിക്കാമെന്ന് ഇറാന്‍ അറിയിച്ചിരുന്നെങ്കിലും ടീമിനെയും ഒഫീഷ്യലുകളെയും അമേരിക്കയിലേക്ക് അയക്കുന്നതില്‍ ആശങ്കയുണ്ട് അവര്‍ക്ക്. ഇക്കാര്യങ്ങളിലെല്ലാം നേരില്‍ക്കണ്ട് സംസാരിച്ച് നീക്കുപോക്ക് വരുത്തുകയെന്നതാണ് കൂടിക്കാഴ്ച്ചയുടെ ലക്ഷ്യം.
നിരവധി കാര്യങ്ങള്‍ ഫിഫ പ്രതിനിധികളുമായി ചര്‍ച്ചചെയ്യേണ്ടതുണ്ടെന്ന് ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹദി താജ് പറഞ്ഞു. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുമായുള്ള (ഐ.ആര്‍.ജി.സി.) ബന്ധത്തിന്റെ പേരില്‍ വാന്‍കുവറില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മെഹദി താജിന് കാനഡ അനുമതി നല്‍കിയിരുന്നില്ല.
ഇറാന്‍ ലോക കപ്പില്‍ കളിക്കുമെന്ന് ഫിഫ കോണ്‍ഗ്രസില്‍ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ ആവര്‍ത്തിച്ചിരുന്നു. ഇന്‍ഫാന്റിനൊ അങ്ങനെ പറഞ്ഞെങ്കില്‍ താനും ഇറാന്‍ ടീമിന്റെ വരവിനെ അനുകൂലിക്കുമൈന്ന് അമേ രിക്കന്‍ പ്രസിഡന്റ്‌റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടെ ഇറാനെതിരായി മറ്റൊരു നീക്കം കൂടി അമേരിക്കയില്‍ നടക്കുകയുണ്ടായി. യോഗ്യത നേടിയ ഇറാനെ ഒഴിവാക്കി ഇത്തവണയും യോഗ്യതയില്ലാത്ത ഇറ്റലിയെ കളിപ്പിക്കണമെന്ന് ട്രംപിന്റെ അനുമതിയോടെ അദ്ദേഹത്തിന്റെ പ്രതിനിധിയും ബിസിനസുകാരനുമായ പോളോ സാംബോളി ഫിഫ പ്രസിഡന്റിന് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഫിഫക്കൊപ്പം സാംബോളിയുടെ ആവശ്യം ഇറ്റലിയും തള്ളിക്കളയുകയായിരുന്നു.







