കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ 12 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോളില്‍ ഇറാനെ ഒഴിവാക്കി യോഗ്യതയില്ലാത്ത ഇറ്റലിക്ക് അവസരം കൊടുക്കണമെന്ന് വിചിത്ര ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനയുടെ മുമ്പിലെത്തി. ട്രംപിന്റെ പ്രത്യേക പ്രതിനിധി പോളോ സാംബോളിയാണ് ഫിഫക്ക് മുന്നില്‍ ഇറാനെ ലോക ഫുട്ബാള്‍ മാമാങ്കത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ചത്. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും താന്‍ കണ്ടിരുന്നതായി ഇംഗ്ലീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസിനോട് സാംബോളി പറഞ്ഞു. മൂന്ന് രാജ്യങ്ങള്‍ ഒരു ആതിഥേയത്വം വഹിക്കുന്ന ലോക കപ്പില്‍ നാലുവട്ടം ജേതാക്കളായ ഇറ്റലി കളിക്കുന്നത് സ്വപ്‌നതുല്യമായ അനുഭവമായിരിക്കുമെന്നാണ് സാംബോളി പറയുന്നത്. എന്നാല്‍ ഫിഫ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇറ്റലി തുടര്‍ച്ചയായ മൂന്നാം തവണയും ലോക കപ്പിന് യോഗ്യത നേടിയിട്ടില്ല. യൂറോപ്യന്‍ യോഗ്യതയില്‍ ബോസ്‌നിയ ആന്റ് ഹെര്‍സോഗോവിനോയുമായി നടന്ന പ്ലേ ഓഫില്‍ പരാജയപ്പെട്ട് ഇറ്റലി പുറത്തായിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഇറ്റലിയെ മത്സരിപ്പിക്കുകയും യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനെ ഒഴിവാക്കുകയും വേണമെന്നാണ് സാംബോളിയുടെ നിലപാട്. അതേ സമയം ഫിഫ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടേയില്ല.ഇറാന്‍ ലോകകപ്പില്‍ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്‍ഫാന്റിനൊ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ലോകകപ്പില്‍ കളിക്കാന്‍ പൂര്‍ണസജ്ജരാണെന്നാണ് ഇറാന്റെ നിലപാട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ തങ്ങളുടെ മത്സര വേദിമാറ്റണമെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരത്തേ ഫിഫയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഈ ആവശ്യം ഫിഫ തള്ളിക്കളയുകയായിരുന്നു.
ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍









