കൊൽക്കത്ത∙ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ക്രിക്കറ്റ് താരം അഭിഷേക് പോറെലിനെതിരെ യുവതി നൽകിയ ഹർജിയിൽ, വാദം കേൾക്കുന്നത് സെപ്റ്റംബർ 14ലേക്ക് മാറ്റി കൽക്കട്ട ഹൈക്കോടതി. താരത്തിന്റെ അറസ്റ്റിന് ശേഷമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനായി ബംഗാൾ സർക്കാർ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് പോറെലിനെ അറസ്റ്റ് ചെയ്തത്.ഇതുസംബന്ധിച്ച റിപ്പോർട്ട് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിൽ സമർപ്പിച്ചു. അഭിഷേക് പോറലിന്റെ അറസ്റ്റിന് ശേഷം പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനായി സംസ്ഥാന സർക്കാർ കോടതിയിൽ നിന്ന് സമയം തേടുകയായിരുന്നു. തുടർന്ന് ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവച്ച ജസ്റ്റിസ് ഭട്ടാചാര്യ, കേസ് സെപ്റ്റംബർ 14ന് വീണ്ടും പരിഗണിക്കാൻ നിർദേശിച്ചു.വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കർണാടക സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൂഗ്ലി ജില്ലാ പൊലീസ് പോറലിനെ അറസ്റ്റ് ചെയ്തത്. ചിൻസുരയിലെ ജില്ലാ കോടതി പോറെലിന്റെ ജാമ്യാപേക്ഷ തള്ളുകയും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. കേസിൽ താരത്തെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കൂടാതെ, പരാതിക്കാരിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി താരത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. കേസിൽ പ്രതിയായ പോറെലിന്റെ ഒരു സുഹൃത്തിനെക്കൂടി ഇനി പിടികൂടാനുണ്ട്
വിവാഹവാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന് ആരോപിച്ച് ജുണ് 23നാണ് അഭിഷേക് പോറലിനെതിരെ മെഡിക്കൽ വിദ്യാർഥിനി മൊഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2023 ജനുവരി മുതൽ പോറെലിനെ അറിയാമെന്നും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. കുടുംബങ്ങൾ തമ്മിലും ഇതു സംബന്ധിച്ച് ചർച്ച നടന്നു. തങ്ങൾ ഒരുമിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും എന്നാൽ പിന്നീട് പോറെൽ ബന്ധം നിഷേധിച്ചതായും യുവതി ആരോപിച്ചു. ഒന്നര വർഷം മുൻപ് തമ്മിൽ തർക്കമുണ്ടാകുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് കേസെടുത്തില്ല.2026 ഏപ്രിൽ 2ന് ഡൽഹിയിൽ പോറെലിനെ കാണാൻ പോയിരുന്നു. അവിടെ വച്ച് തന്നെ ക്രൂരമായി പീഡിപ്പിക്കുകയും മുറിയിൽ പൂട്ടിയിടുകയും ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. ഇതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് പറഞ്ഞ് പോറെൽ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. ഇതിന് പിന്നാലെയാണ് അവർ ജൂണിൽ മൊഗ്ര പൊലീസിനെ സമീപിച്ചത്.
പൊലീസ് അന്വേഷണം ആരംഭിക്കുകയും ചന്ദനനഗറിലെ പോറെലിന്റെ വീട്ടിൽ പലതവണ എത്തുകയും ചെയ്തെങ്കിലും താരത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് യുവതി കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോറെലിനെ അറസ്റ്റ് ചെയ്യാൻ കോടതി പൊലീസിന് നിർദേശം നൽകിയത്. ബലാത്സംഗ ആരോപണത്തിന് പുറമെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങളും കോടതി നടപടികളിൽ ഉൾപ്പെട്ടിട്ടുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ക്രിക്കറ്റ് താരം നേരത്തെ നിഷേധിച്ചിരുന്നു. അറസ്റ്റിൽ പോറെലോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.2023 മുതൽ ഡല്ഹി ക്യാപിറ്റൽസിനു വേണ്ടിയാണ് അഭിഷേക് പൊറേൽ ഐപിഎലിൽ കളിക്കുന്നത്. കഴിഞ്ഞ സീസണിൽ നാലു മത്സരങ്ങളിൽ ഇറങ്ങിയ അഭിഷേക് 108 റൺസാണു സ്വന്തമാക്കിയത്. 2021–22 സീസണിലാണ് അഭിഷേക് ബംഗാളിനായി അരങ്ങേറ്റ മത്സരം കളിച്ചത്. ബംഗാൾ ടീമിൽ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 23 ലിസ്റ്റ് എ മത്സരങ്ങളിലും ഇറങ്ങിയിട്ടുണ്ട്.






